Friday, March 21, 2014

ചിതറിയ ചിന്തകൾ

(രൂപമില്ലാത്ത ,ഭാവമില്ലാത്ത )

തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും

##****##****##****##

ഈ രാത്രി
മൂടുപടമിട്ട പകലാണ്‌
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു

##****##****##****##

ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .

##****##****##

ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത്‌ ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .

Sunday, March 2, 2014

ചില കാത്തിരിപ്പുകൾ

പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.

ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ

വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്‌
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .

തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.

ഉച്ചയൂണിന്‍റെ
നേരമെത്തി  എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .

Saturday, February 15, 2014

പുതുമഴ

ഓമലാളെ
നമ്മളന്നു പാടിയ പാട്ട്,
പുഴവക്കിലിന്നൊരു
കുയിൽ പാടുന്നു
മുളം കാടത്-
ഏറ്റു പാടുന്നു .

വേനലെരിച്ച
പുല്ല് മൈതാനങ്ങളിൽ
പച്ചപ്പിൻ
മുള പൊട്ടുന്നു,
സ്വപ്നങ്ങളീന്നും
ഒരു കുളിർകാറ്റു വീശുന്നൂ
ഉള്ളു തണുക്കുന്നു .

ചുടുനാവു നനച്ച്
ഭൂമി ഉണരുന്നു

പൂവുകൾ ചിരിയ്ക്കുന്നു
പൂമ്പാറ്റ ചിരിയ്ക്കുന്നു
പൂമരങ്ങൾ ചിരിയ്ക്കുന്നു
പുഴവക്കിലൊരു
പാട്ടുണരുന്നു.

പുതുമഴയുടെ പുളകങ്ങളിൽ
പുഴ വളരുന്നു

പോരൂ സഖി,
വയൽ വരമ്പിൽ
കൈ കോർത്തു
നമുക്കാ പാട്ട് പാടാം

പുഴവക്കിലൊരു
പാട്ടുണരുന്നൂ.............

Friday, January 31, 2014

കാഴ്ച്ചപര്യടനം

നഗരത്തിലെ,
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .

കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.

വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.


അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .

നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .


Wednesday, January 22, 2014

നോട്ടുകളുടെ മണം

ഹരിപ്പാട്‌ നിന്നും
മാവേലിക്കരയ്ക്കുള്ള ബസ്സിന്‍റെ
പിന്നിലൊരു സീറ്റിലാണ്‌  ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും 
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു

കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.

മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്‍റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .

ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്‍റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു  ചാരായത്തിന്‍റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.

ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്‍റെ മണം

ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്‍റെ
വീറും വാശിയും .

മാവേലിക്കര
ബസ്സ്‌ സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്‍റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്‍റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി
നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .

Monday, January 20, 2014

തീരദേശ പാത

നാണിയമ്മയുടെ
നാലിടങ്ങഴി കറക്കുന്ന
സുനന്തിയാണ്
ആദ്യമായി
തീവണ്ടി കയറിയത് .

പൊട്ടൻ ഗോപാലനെ
തിരിച്ചറിഞ്ഞത്
പാൽപ്പാത്രത്തിലെ
വീട്ടുപേര്
കണ്ടിട്ടാണ് .

പാളത്തിന്
അപ്പുറവും ഇപ്പുറവുമായി
വിഭജിക്കപെട്ട
കാമുകർക്കിടയിലൂടെയാണ്‌
നേത്രാവതി
കടന്നുപോയത്

ലെവൽ ക്രോസില്ലാതിരുന്ന
വളവിൽനിന്നും
സുമോയെ
ഒക്കത്തെടുത്ത്‌
തീവണ്ടി പാഞ്ഞതും
ഈ പാളത്തിലാണ്

എങ്ങനെ ഒക്കെ ആണെക്കിലും
വെളുപ്പിനത്തെ
മെയിലിന്റെ കുലുക്കമില്ലാതെ
ആർക്കും ,ഇപ്പോൾ
കാര്യം സാധിക്കാൻ
പറ്റാറില്ല ;
രാത്രി വണ്ടിയുടെ
താരാട്ടു പാട്ടില്ലാതെ
ഉറങ്ങാനും.  


Tuesday, January 14, 2014

പിഴച്ച പെണ്ണ്


ശ്രീരാമ പാദമേറ്റ്
ഉണർന്നൊരു
അഹല്യയല്ല
ദിവ്യഗർഭം
ഉടലേറ്റുവാങ്ങിയ
മറിയയുമല്ല
വിശ്വ മോഹത്തിന്‍റെ
വീണ്‍വാക്കിൽ പെട്ടുപോയൊരു
വെറും പെണ്ണ്  .

സൂര്യദേവനും
വായുദേവനും
മനുഷ്യരൂപമാർന്നു
സംഗമിച്ചോരു
പുരാണകഥയിലെ
ദേവിയുമല്ല;
നിന്‍റെ മോഹകുരുക്കിൽ
പെട്ടുപോയൊരു
പൊട്ടി പെണ്ണ് .

ഇന്നീ
വർത്തമാനത്തിന്‍റെ കണ്ണിൽ
പിഴച്ചുപോയൊരു പെണ്ണ്
നിന്‍റെ
വഞ്ചനയുടെ
വിഷബീജം
ഏറ്റുവാങ്ങിയോരു
മനുഷ്യ പെണ്ണ്

 

Saturday, January 11, 2014

യാത്ര..

ചിരിയ്ക്കുമീ ഓളങ്ങളെ
മുറിച്ചു നീങ്ങും
പായ്യ് വഞ്ചി,
മധ്യത്തായി
ഗതി തെറ്റി
ചരിക്കുന്നുണ്ടൊരു മാനസം

അനന്തമാം
ഈ പരപ്പിൻ മീതെ
അലസമായ്            
ഉയർന്നു-താണ്
ഉഴറുന്നുണ്ട്
കരതേടി

അടുത്തുണ്ടാകും
എന്നു നിനച്ച
പച്ചപ്പിൻ തിട്ട
അടുത്തതില്ല
ഏറെ അലന്നിട്ടും.

ആഴമേറെ ഉണ്ടീ-
ആഴീയിലേക്കുള്ള വഴിയിൽ
ആശ നശിച്ചിട്ട്,
ആകെ തളർന്നു.

ഇരുട്ടു പരന്നി
ട്ടും
ഇരുകയ്യ് തളർന്നിട്ടും
ഇരിക്കുവാനാകുന്നില്ല
ഈ യാത്രയിൽ .

Monday, January 6, 2014

പകൽ ഓടുന്നു ..

ചില തലോടലുകൾ
അടക്കം പറച്ചിലുകൾ

പുലരിയുടെ 
മുടിയുലച്ചു
വെയിലി
ന്‍റെ

കൈകൾ

നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ

എന്തോ  തേടിയുള്ള
പകലി
ന്‍റെ
പരക്കം  പാച്ചിലുകൾ 

സമുദ്രാന്തരം
തേടിയൊഴുകുന്ന  
മഴയുടെ
വീർപ്പുമുട്ടലുകൾ.

ഉടഞ്ഞ സിന്ധൂരചെപ്പി
ന്‍റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .

ഇറുകെപ്പുണർന്നു
ഇരുട്ടി
ന്‍റെ
ആത്മഹർഷം.


Saturday, January 4, 2014

കുമ്പിളുപൊട്ടിയ കടല

നിലത്തു വീണു
മണ്ണ് പറ്റിയ
കടലകളെ
നിങ്ങൾ എന്റെ
ജിജ്ഞാസക
ളായിരുന്നു
പരിഭവങ്ങളായിരുന്നു.

ചവച്ചരച്ചു തീർക്കുവാൻ
കുമ്പി
ളുകുത്തി
കാത്തുവെച്ച
രോക്ഷങ്ങളായിരുന്നു.