Sunday, July 28, 2013

ഭ്രാന്തന്‍റെ സുവിശേഷം

അതികാലത്ത് എഴുന്നേറ്റ്
ഞാൻ എന്നെ തിരഞ്ഞു
കിടക്കയിലെ ഇരുളിൽ
ഞാൻ എന്നെ പരതി.

ആകാശത്തിലെ പക്ഷികളോട്
എവിടേക്ക് പോകുന്നു എന്നുകേട്ടു.
വിത്ത് വിതയ്ക്കാൻ പോകുന്നുവെന്നും
കളപ്പുരകളിൽ കൊയ്ത്
കൂട്ടുവാൻ പോകുന്നുവെന്നും
ഉത്തരം അരുളി .

എന്ത് ഭക്ഷിക്കുമെന്നോ,
എന്ത് പാനംചെയ്യുമെന്നോ ,
എന്ത് ധരിക്കുമെ
ന്നോ ;
 ചിന്തിച്ച് ഉത്‌കണ്‌ഠാകുലനാകാതെ
വയലിലെ ലില്ലികൾ
നൂല്‍ നൂല്ക്കുന്നത്
നോക്കി നിന്നു.

തുരുമ്പിനും,കീടങ്ങൾക്കും
കള്ളന്മാർക്കുമായി,
നിക്ഷേപങ്ങൾ കരുതിവെയ്ക്കാത്ത
എന്നെ കുറിച്ചോർത്ത്
ക്ലേശിച്ച് ആകുലപ്പെടുന്ന
നാളത്തെ ദിനത്തെ ഓർത്ത്
ഞാൻ പൊട്ടിച്ചിരിച്ചു .

Monday, July 22, 2013

അന്തമില്ലാതെ ഒഴുകുന്നൊരു
നദിയുണ്ട് ഉള്ളിലായ്;
ചിന്തകളീന്ന്   ഉറവപൊട്ടി
മുളയ്ക്കുന്നുണ്ട്
പുതിയ കൈവഴികൾ.

Sunday, July 14, 2013

പാഴ്മരം

വെക്കം
വളർന്നു പന്തലിക്കണം
മൊട്ടാർന്നു,
പൂവാർന്നു
നിഴൽ വിരിക്കണം .

നിറ വെണ്ണിലാവിൽ,
പുതു  പുലരിയിൽ ;
നറു തേൻ
ചുരത്തി നില്ക്കണം .

കാറ്റു പിടിച്ച ശിഖരങ്ങൾ
നിറങ്ങൾ പൊഴിച്ചു നിൽക്കണം
തെരുവിന്‍റെ കോണിൽ
കൗതുക കാഴ്ച്ചയായ്
ആത്മം അറിയാതെ നിറയണം.

ശൂന്യമാകുന്ന തലപ്പുകൾ
ഉഷ്ണം ഏറ്റുവാങ്ങി
ഉരുകണം.
മഴയുള്ള ,
കൊടും കാറ്റുള്ള;
രാവിന്‍റെ മടിയിൽ
തല ചായ്ച്ചു മയങ്ങണം .

പൊട്ടി മുളയ്ക്കാൻ
വിത്തൊന്നും
ബാക്കി വെയ്ക്കാതെ
ഈ മണ്ണിൽ
വീണലിയണം.  

Wednesday, July 3, 2013

വിരഹം

വിരഹം  ബലമാർന്നു  ,
ഉടലിൽ കനമാർന്നു
ഇരുളിൽ  ശൂന്യമായ്
ഭാവി -വർത്തമാനവും.

ഇരുവഴികളിന്ന്
ഒഴുകി ഒന്നാർന്ന
പുഴ പിന്നയും
പലതായി പിരിയുന്നു
ജീവിതക്കടലിൽ

മരണമെന്ന തിരകോറിയ
കറുത്ത രേഖകൾ
നേർത്തുമായും
പുതിയ ഓള
പ്രലോഭനത്തിൽ .


യാഥാർത്യത്തോട്  സമരസപ്പെട്ട്
നിലപാടുകളോട് പൊരുത്തപെട്ട്
വീണ്ടും ഒഴുകണം
അജ്ഞാത ബിന്ദുവിലേക്ക്.