Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .

Wednesday, August 21, 2013

തനിനാടൻ

പുലരിയിലേക്ക്
തുറന്ന ജാലകത്തിലൂടെ
ഹൃദയത്തിലേക്കു കടക്കുന്നു
കിളികൊഞ്ചലുകൾ,
കാറ്റിൻ തലോടൽ ,
പുതുതായി വിടർന്ന
പനിനീർമലരിൻ ഗന്ധം .

പെങ്ങൾ ഈർക്കിൽ ചൂലാൽ
വെടിപ്പാക്കിയ മുറ്റത്ത്‌
സൂര്യൻ ഇളം വെയിലാൽ
കളം വരയ്ക്കുന്നു
വീടിനടിത്തറ ചേർന്ന
മണലിൽ കുഴിയാനക്കുഴികൾ.
ആഞ്ഞിലിചക്ക കൊറിച്ചു
ചിലയ്ക്കുന്നു
മൂവിരൽ പാട് ഏറ്റവർ.

ചായച്ചൂടിൻ 
ആവിയൂതിപ്പറത്തി
പത്ര താളുകളിലൂടൊരു
ലോക പര്യടനം .
അയൽവക്ക രഹസ്യങ്ങളുടെ
കൊച്ചുവർത്തമാനങ്ങൾ .
പഴംചോറിൽ
പച്ചമുളകിന്റെ
രസമൂറും നീറ്റൽ.

തൊടിയിലൂടൊരു
ചെറുനടത്തം
മണ്ണിനോടും ,മരങ്ങളോടും
ആശയവിനിമയം
ആഗോളതാപനത്തിലേക്കൊരു
എത്തിനോട്ടം .

വയൽവരമ്പിലൂടെ
ബാല്യം തിരഞ്ഞൊരു
തിരിച്ചുനടത്തം
കാറ്റു പൊട്ടിച്ചെടുത്ത
പട്ടംപോലെ
നിലതെറ്റിയൊരു
ചിന്തനൂലിഴകൾ .

ഉച്ചയൂണിനു
കുടംപുളിയിട്ട
പുഴമീനിന്റെ
മേമ്പൊടി
അമ്മകയ്പ്പുണ്യത്തിൻ
മാന്ത്രിക ലോകം  .

മയക്കമുണർന്ന
നാലുമണിക്ക്;
പച്ചക്കറി
വിലസൂചിക കേട്ട,
വീട്ടമ്മയെപ്പോലെ
തളർന്ന ഭാവം .
വഴിയിലൂടെ
തളർന്നു നീങ്ങുന്ന
യൂണിഫോമുകൾ .

കപ്പപ്പുഴുക്കിന്റെ
അടുക്കള ഗന്ധം.
പള്ളിമണിയുടെ
സന്ധ്യാപ്രാർഥന
ബാങ്കുവിളിയുടെ
കണിശത
നിലവിളക്കിന്റെ
ചുറ്റുവട്ടത്ത്
രാമജപങ്ങൾ .

നിലാവും,നിഴലും
ഈറൻ കാറ്റും .

Wednesday, August 14, 2013

ഞങ്ങൾ അഭയാർഥികൾ


ഊരില്ല ,പേരില്ല
ഉറപ്പുള്ള കൂരയില്ല; 
ഞങ്ങൾ അഭയാർഥികൾ
നാളയുടെ മാനം നോക്കി
ചിരിക്കുന്നവർ .

സ്ഥായിയായി ഒന്നുമില്ല,
വിപ്ലവത്തിന് ശേഷിയില്ല
വിഴുപ്പലക്കലുകളുടെ
ശേഷപത്രങ്ങൾ,
പൗരത്തമില്ലാത്ത   പൗരന്മാർ.

ഞങ്ങളുടെ പെണ്മക്കടെ
മാനത്തിന്
മറയില്ല ,വിലയില്ല ;
മാംസത്തിന്,രക്തത്തിന്
കഴുകന്മാർ ചുറ്റി പറക്കുന്നു.

ഞങ്ങളുടെ കുരുന്നുകൾക്ക്‌
കളിസ്ഥലമില്ല ,കളിപ്പാവയില്ല
പുസ്തകമില്ല ,പാഠശാലയില്ല
സ്വപ്നങ്ങളുമില്ല .

മഞ്ഞ് ഞങ്ങൾക്ക് മഞ്ഞല്ല
വെയില് വെയിലല്ല
മഴ മഴയുമല്ല ;
കേവലം
ജീവിത അഭ്യാസങ്ങൾ .

ഉത്സവങ്ങളില്ല,ഉയർപ്പുമില്ല
അരവയർ നിറയ്ക്കാൻ ,
അന്തിയുറങ്ങാൻ,
ശ്വാസമെടുക്കാൻ;
ആകാശകൂരയ്ക്ക് കീഴിലായ്
നെട്ടോട്ടം ഓടുന്നവർ .
ഞങ്ങൾ അഭയാർഥികൾ .





(ലോകത്തിൻറെ വിവിധ കോണുകളിൽ മേൽവിലാസമില്ലാതെ,സ്വപ്നങ്ങൾ ഇല്ലാതെ ,ചൂഷണത്തിന് ഇരകളായി കഴിയുന്ന അഭയാർഥികളെ ...................  )