Monday, March 24, 2014

ഇടനാഴിയിലെ ശബ്ദങ്ങൾ....


ഈ ഇടനാഴിയിലെ
നേർത്ത  വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു

തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .

ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു  പെണ്‍കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ  
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.

മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.

ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .

കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ  കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .

Friday, March 21, 2014

ചിതറിയ ചിന്തകൾ

(രൂപമില്ലാത്ത ,ഭാവമില്ലാത്ത )

തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും

##****##****##****##

ഈ രാത്രി
മൂടുപടമിട്ട പകലാണ്‌
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു

##****##****##****##

ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .

##****##****##

ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത്‌ ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .

Sunday, March 2, 2014

ചില കാത്തിരിപ്പുകൾ

പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.

ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ

വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്‌
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .

തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.

ഉച്ചയൂണിന്‍റെ
നേരമെത്തി  എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .