Wednesday, July 22, 2015

നിശബ്ദ ഭവനം


നീണ്ടും കുറുകിയും
നിറമുള്ളതും നിറമറ്റതും
അലങ്കാരങ്ങളോടെയും അല്ലാതെയും
കാഴ്ച്ച യെത്തുന്നിടത്തെല്ലാം കുരിശുകൾ;
സന്ധ്യയോടൊപ്പം  വളരുന്ന
എന്റെ ഏകാന്തതയിലേക്ക്
അവ അങ്ങനെ തലനീട്ടി നില്ക്കുന്നു


ജനനദിവസംതന്നെ എത്തിച്ചേർന്നവർ,
ജീവിതത്തിന്റെ രഥചക്രത്തിലൂടെ
സുഖ-ദുഖങ്ങളുടെ ശതകം കടന്നവർ,
പ്രതീക്ഷകളുടെ ഇടവഴിയിൽ
അപ്രതീക്ഷിതമായ് ഇടറിവീണവർ
കുടുംബമായ് ഒരുമിച്ചെത്തിയവർ .

അനാഥമായ് കാടുകയറിയ -
കൽക്കെട്ടുകൾ
ജീവിതം
ഒറ്റവരിയിൽ രേഖപ്പെടുത്തിയ
തിളങ്ങുന്ന മാർബിൾ ഫലകങ്ങൾ
 പുത്തൻ അതിഥിക്കായ്
കാത്തിരിക്കുന്ന  നീളൻ കുഴി;
കാഴ്ച്ചകളുടെ നിശബ്ദതയ്ക്ക് നടുവിൽ
ഒരുപിടി പൂക്കളുമായ്‌ ഞാനും

അതിരിൽ വിടരുന്ന
കുഞ്ഞുപ്പൂക്കളിലേക്ക് പാറുന്ന
മഞ്ഞനിറമുള്ള പൂമ്പാറ്റയിലേക്ക്
എന്റെ കണ്ണുകൾ ചായുന്നു
തിളക്കമറ്റ പൂക്കളിലേക്ക്‌
ഉരുകിച്ചേരുന്ന മെഴുകുതിരിയുടെ
ഈ കുഞ്ഞിവെട്ടത്തിലും

Wednesday, July 8, 2015

കയ്യൊപ്പ്

രാവിലാരോ പാടുന്നെനിക്കായ്
നോവിന്റെ സങ്കീർത്തനം
വിണ്‍ തടങ്ങളീന്നടർന്ന
വെള്ളി മഴനൂലുകൾ
ആർദ്രമായിന്നീ
വിരൽതുമ്പിലൂടൂർന്നു വീഴവെ
ദൂരെയാ നദി
കരകവിഞ്ഞെത്തുന്ന
പ്രളയത്തുടുപ്പിലെൻ
മുറ്റം മുങ്ങിക്കുളിരവേ 
നേർത്തു നേർത്തു ഞാനൊരു
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.