ഈ ഇടനാഴിയിലെ
നേർത്ത വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു
തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .
ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു പെണ്കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.
മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.
ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .
കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .