Friday, May 31, 2013

അഞ്ചാം നിലയിലെ ജനാല

അഞ്ചാം നിലയിലെ ഈ
ജനാലകൾ ഒരു
പകലിലും അടയ്ക്കാറില്ലായിരുന്നു.
ജനാലപ്പടിയിൽ
പ്രാവുകൾ വന്നു
കുറുകുകയും ,കാഷ്ടിക്കുകയും
ചെയ്തിരുന്നു .

ഈ ജനാലയിലൂടെയാണ്
ഉദയവും ,അസ്തമയവും
നോക്കി നില്ക്കാറുള്ളത്
വഴിക്കണ്ണുകളുടെ
നിമിഷ സൂചിക്ക്;
കാറ്റ് ആവേഗം നല്കാറുള്ളതും
ഈ വിള്ളലുകളിലൂടെയാണ്.

ഈ ജനാലയിലൂടെയാണ്
ഋതുഭേദങ്ങൾ അറിഞ്ഞത് ;
ആകാശപൊടിപ്പും
നിഴലുകളും ,നിറങ്ങളും
കാണാതെ കണ്ടതും ;
വഴിതെറ്റി വന്ന
മഴത്തുള്ളികളെ
തൊടാൻ ശ്രമിച്ചതും . 


അഞ്ചാം നിലയിലെ ഈ 
ജനാലകൾ ഇപ്പോൾ തുറക്കാറില്ല;
ഇവിടെനിന്നാണ്  
മൂന്നര വയസുകരാൻ
താഴേക്കു പറന്നത്. 
അവന്റെ ചിരികാണാൻ
ഇപ്പോൾ പ്രാവുകൾ
എത്താറുമില്ല . 


(ഒരു പ്രവാസി മാതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്)

Tuesday, May 28, 2013

കാത്തിരിപ്പ്

എഴുതുവാൻ ആകുന്നില്ല;
എനിക്കെന്റെ വിരൽതുമ്പിൽ
വാക്കുകൾ
ഒഴുകിയെത്തുന്നില്ല.

ചിന്തകൾ
ഒട്ടിയ വയറുമായി
ഉഷ്ണ കാറ്റേറ്റു
തളർന്നുകിടക്കുന്നു.

കാഴ്ച്ചകൾ
ഒരെചിത്രം കണ്ടു  
മടുത്തു  നിൽക്കുന്നു .

പ്രതീക്ഷകളുടെ
കിനാവ് നൽകാതെ
നിദ്രയും
ഒഴിഞ്ഞു പോകുന്നു .

Friday, May 10, 2013

രാമാനം

നിറയെ താരകങ്ങൾ
നിറഞ്ഞോരു രാമാനം,
വിഷാദം ഒഴുകിവറ്റിയ
മണൽ തിട്ടയിൽ
ചരിഞ്ഞ നിലപൂണ്ട്
നിദ്രാവിഹീന ദേഹം. 

സങ്കർഷങ്ങളുടെ
വേലിയേറ്റങ്ങളെ
മെല്ലെയാറ്റുവാൻ
പാഴ് കോലംകെട്ടുന്നു
ഓജസറ്റ പവനന്റെ
കൈകൾ .

ഭ്രമണപഥം   വിട്ടെന്റെ
കണ്‍കളിൽ
ഉദയം കൊള്ളുന്നു
ആയിരം അർദ്ധചന്ദ്രന്മാർ ;
വിളറി വെളുത്തോരു
പകലിലെക്കായി
നിലതെറ്റിയോടുന്ന
ഘടികാര സൂചികൾ .