Tuesday, September 24, 2013

രുചിയില്ലാത്ത

ഉലഞ്ഞു പോയ
മനസിനെപ്പിഴിഞ്ഞു
അശയിൽ തോരാനിട്ടു;
വെയിലൊന്ന് മങ്ങിയപ്പോൾ
ഒരു പക്ഷി വന്ന്
ഒരു കൊത്ത് കൊത്തി,
രുചി ഇല്ലാഞ്ഞിട്ടാവും
ചിറകടിച്ചത്
ദൂരേക്ക്‌ പറന്നു പോയി .

Thursday, September 12, 2013

നിഴൽരൂപം

ഹൃദയം പിടയുന്നു
നോവുകൾ എരിയുന്നു
ചിരിമാഞ്ഞ ചുണ്ടിലൊരു
വരണ്ട ഭാവം നിറയുന്നു.

വഴിതിരിയുന്ന ജീവിതം,
അറിയുവാൻ
ഏറെയുണ്ടെന്ന് ഓതുന്നു
അരികെയുള്ളവർ പോലും
ഏറെ അകലെയാകുന്നു .   

കഴിഞ്ഞ കാലത്തിന്‍റെ

കണക്കുകൾ പേറും
ഭിത്തികൾ കുലുങ്ങുന്നു ,
മറവിയുടെ
മൂടുപടമിട്ടൊരു
മഴമേഘമുയരുന്നു.

എരിയുന്ന പകലിന്‍റെ

മുഖമൊന്നു മറയ്ക്കണം ,
അറിയാതെ പോയ
പുലരിയുടെ തണുവാൽ. 

പറക്കുന്ന പക്ഷികൾ
ചിരിക്കുന്ന പൂക്കൾ
മണക്കുന്ന കാറ്റ് ;
പലതും
വഴിമാറി പോകുന്നുവോ ?

അറിയാതെ ,പറയാതെ
ഘടികാര സൂചികൾ
തിരിയുന്നു ,പായുന്നു
ഘടന പൊളിച്ചുകൊണ്ട് .

ഉയരുന്ന ശ്വാസം ,
ഉണരുന്ന മോഹം;
വിളറി വലിക്കുന്നു 
പകലിന്‍റെ തെളിച്ചം .

കണംകാൽ 
ഉരുമും തിരയിൽ,
വിഷാദ സന്ധ്യയുടെ
കരയിൽ
മൂകം ഉയരുന്നൊരു
നിഴലിന്‍റെ രൂപം .

Wednesday, September 11, 2013

വാക്കുകൾ

ഉത്തരം മുട്ടിയ
ചോദ്യങ്ങൾക്കുമുന്നിൽ
പകച്ചുപോയ വാക്കുകൾ
ഒളിഞ്ഞു പോകാൻ
ഊടുവഴികൾ തിരയുന്നു ,
ഇടറി അത്-
തോണ്ടക്കുഴിയിലൂടെ
ഇഴഞ്ഞു നീങ്ങുന്നു .

മധുരം മേമ്പൊടി-
തൂവിയ വാക്കുകൾ
ഉള്ളു പൊള്ളയായിരുന്നെന്ന്
പറഞ്ഞത് താടി നീട്ടിയൊരു
യുവ സുഹൃത്ത് .

ശബ്ദം വിറ്റു
പെരെടുത്തവർ
അർഥം അറിഞ്ഞു
വാക്കുകൾ അടുക്കിയവർ
സംഗീതത്തിന്‍റെ
മാന്ത്രികത നിറച്ചവർ;
ആരാണ് കേമനെന്ന്
അറിയാതെ, പാട്ടുകൾ
ഹൃദയത്തിൻ ഓരത്ത്.

ലോകം കീഴടക്കിയ വാക്കുകൾ
ഉറച്ച ഹൃദയങ്ങളിൽ
നിന്നുയർന്ന
തളരാത്ത സ്വപ്നങ്ങളുടെ
വെളിപ്പെടുത്തലുകൾ.

വാക്കുകൾ
വില്പ്പനയക്ക്‌ വെച്ച
തെരുവുകൾ;
ചുവന്നൊഴുകുന്നു.
വക്കു പൊട്ടിയ
താളുകൾ
ചരിത്രങ്ങളിൽ നിന്നും
പുറത്തു ചാടുന്നു .

ചോദ്യങ്ങളും ഉത്തരങ്ങളും
ഇല്ലാത്ത കാലത്ത്,
വാക്കുകൾക്ക്‌
മൌനത്തിന്‍റെ നിറം പിടിക്കുമ്പോൾ
നിലാവിന്‍റെ ചിത്രതുന്നലിട്ട
നീല കംബളം മാത്രം .

Thursday, September 5, 2013

ചേർച്ചയില്ലാതെ -2

ഓരോ തോൽവികളും
പ്രളയം പോലെയാണ്
അടിഞ്ഞുകൂടി
ചീഞ്ഞുനാറിയ
മാലിന്യങ്ങളെ
ഒഴുക്കികൊണ്ടുപോയി
ലക്ഷ്യത്തിലേക്കുള്ള പാതകളെ
സുഗമമാക്കുന്ന പ്രളയം .

##!!##

ഭൂഖണ്ഡങ്ങളുടെ 
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ .
##!!##

നിന്‍റെ കാലടിക്കീഴെ-
മണ്ണിലെത്ര
നിണമൊഴുകി
എത്ര മാംസവും ,അസ്ഥിയും
പൊടിഞ്ഞു ചേർന്നു
എന്നിട്ടും എന്‍റെമാത്രം
സ്വന്തം മണ്ണെന്ന് 
അലറി വിളിക്കുന്നു .
##!!##


നീളൻ പകലിനെ
മാനഭംഗം ചെയ്തു ;
സന്ധ്യയുടെ
രക്ത നിറമാർന്ന
നിഴലുകൾ,
ജാരസന്തതികൾക്ക് 
തൊട്ടിൽകെട്ടുന്നു
പകുതി മറഞ്ഞുനിന്ന്
ചന്ദ്രൻ.


(http://kuttanadankatt.blogspot.com/2013/03/blog-post_11.html ചേർച്ചയില്ലാതെ -1)