Sunday, October 14, 2012

വേനല്‍ക്കാല കുടപിടിക്കുന്ന
നാട്ടുമാവിന്‍റെ  തണലില്‍
ഞാന്‍ എന്‍റെ കവിതയുടെ
വിത്തുകള്‍ മുളയ്ക്കാനിട്ടു ,
വയലേലകളിലുടെ  ചീറിവന്ന
 കാറ്റേറ്റതു കിളിര്‍ത്തു,
ചക്രവാളങ്ങളിലെ സിന്ധൂരപൊട്ടിട്ട 
സന്ധ്യാരാഗം കേട്ടതുവളര്‍ന്നു .
ഋതുഭേദങ്ങളുടെ പുളകങ്ങളില്‍
തളിരിട്ടു കായ്‌ പിടിച്ചു .

വിളഞ്ഞ തലപ്പുകള്‍ നോക്കി
ഞാന്‍ കൊയ്തുമെതിച്ചു,
പകുതി അളന്നു ഞാനിന്നു
വില്‍പ്പനക്ക് വെക്കുന്നു
മറുപാതി ഞാനെന്‍റെ
പത്തായപുരയില്‍ പുഴ്ത്തിവെക്കും 
വര്‍ഷകാല പ്രളയത്തിന്‍റെ,
എക്കല്‍ ഏറ്റുതുടുക്കുന്ന-
മണ്ണിലിട്ടു
വീണ്ടും മുളപ്പിക്കാന്‍.

Saturday, October 13, 2012

കിറുക്കന്‍

പാടവരമ്പിലെ കാറ്റിനെ
പിടിച്ചുഞാനൊരു
നൂല്തുമ്പില്‍ കെട്ടിയിട്ടു .
വളര്‍ത്തു  നായുടെ 
വാലെടുത്തൊരു നീണ്ട
കുഴലിലാക്കി.
മുത്തശിയുടെ ചുളിഞ്ഞത്വക്കില്‍
ഇസ്തിരിപെട്ടിവെച്ചു
നേരെയാക്കി .
വീട്ടിലെ അരിയെടുതിരുനാഴി
അളന്നു ആറ്റില്‍ കളഞ്ഞു .
ചീവീടിനെ  പിടിച്ചു
നാക്ക്‌ കണ്ടിച്ചു .
പായല്‍പിടിച്ച    അരകല്ല്
മുറ്റത് എടുത്തിടുരുട്ടി .
   
ചന്ദ്രനെ കൈകുംബിളിലാക്കി
അലമാരിയില്‍ അടച്ചുവെച്ചു  
കള്ളന്‍;
എന്നെക്കാളും കിറുക്കനവന്‍
താക്കോല്‍ പഴുതിലുടെ
ചാടിക്കളഞ്ഞു,
ദേഹം വളഞ്ഞവന്‍
മാനത്തുനില്‍ക്കുന്നു. 
താരകള്‍  അഹങ്കാരികള്‍
എന്നെ നോക്കി
കണ്ണിറുക്കുന്നു.

Friday, October 12, 2012

ഉരുളചോറ് 

തൂഷനിലതുമ്പില്‍ വെച്ച
ഉരുള ചോറുണ്ണാന്‍ 
കൈ കൊട്ടി വിളിച്ചിട്ടും
വന്നില്ല കാക്കയൊന്നും,
കടല്‍ത്തിരയില്‍
അസ്തമയകാറ്റ് അടിക്കുമ്പോഴും.

ഈ രാവില്‍ പാലമരം പൂത്ത്
ഗന്ധം പരക്കവേ
മുടിയഴിച്ചിട്ട  കിനാവുകളില്‍
കണ്ണുരുട്ടി, നാവുനീട്ടുന്നു
അച്ഛനും ,അമ്മയും.

ഉടലില്‍ ഉയിരോഴുകിയ
പകലുകളില്‍
 കൊടുക്കാതെ ബാക്കിവെച്ച
ഒരു ഉരുളചോറ്
ആ ഇലയില്‍ ഇരിക്കുന്നു
ഉറുമ്പ്‌ പോലുംഅരിക്കാതെ.



അശാന്തിയുടെ തീരങ്ങളില്‍
വേദനതിന്നു വിശപ്പടക്കി
കരളില്‍ വീണ കുഴിബോംബു കൊണ്ട്
കളിപ്പാട്ടമുണ്ടാക്കി കളിക്കുന്നു
കുറെ കുരുന്നുകള്‍.
കാല്‍ അറ്റും,കയ്യുടഞ്ഞും,
നോസ്സുപിടിച്ച അമ്മയുടെ
ചിരിയില്‍ അലിഞ്ഞവര്‍
ആടുമ്പോള്‍
പിറന്ന മണ്ണിന്റെ
ആകാശ കാഴ്ച്ചകളില്‍
വിഷപ്പുക തൂവുന്ന
ചിന്തകളില്‍
വീണ്ടും ഉയരുന്നു
കാഹളങ്ങള്‍ .
 (പ്രേരണ :"Turtles can Fly")

 മൂകന്‍

ഞാന്‍ ജീവിച്ചിരിക്കുന്നു
ഓരോ അണുവിലും,
രക്തം ഉറയാതെ
ധമനികളില്‍ തണുപ്പ്
കയറാതെ
പുതിയ പ്രഭാതത്തിന്റെ
കാഴ്ച്ചകളില്‍ അഗ്നി പടരുമ്പോള്‍
മൂകനായി ഞാനിരിക്കുന്നു
നഷ്ടപെട്ട എന്റെ ശബ്ദത്തിന്റെ
ഉറവു പൊട്ടുന്നതും  കാത്തു .

Thursday, October 11, 2012



എഴുതിതീര്‍ക്കണം  എനിക്കെന്‍റെ
ആത്മാവിന്‍റെ നോവുകള്‍
ഒരു കീറുകടലാസ്സില്‍
കറുത്ത മഷിചാലിച്ച് 

ചിരിച്ചുതീര്‍ക്കണം എനിക്കെന്‍റെ
ജീവിത കാഴ്ച്ചകള്‍
 വേദനകളില്‍ അലിഞ്ഞു
കാമ്പുള്ളൊരു  കവിതപോല്‍

Monday, October 8, 2012



ഞാനൊരു നിശാചരന്‍




നിന്‍റെ താഴ്വാരങ്ങളില്‍
പൂക്കുന്ന നിശാഗന്ധിയാണ്  ഞാന്‍,
നിന്‍റെ ചുണ്ടില്‍ നിറയുന്ന
കാട്ടുതേനാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കയ്യിലെ
പൂമ്പാറ്റയാണ്  ഞാന്‍,
നിന്‍റെ മാനത്തു നിറയുന്ന
മഴവില്ലാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കൊലുസിന്‍റെ
കൊഞ്ചലാണ് ഞാന്‍, 
നിന്‍റെ നിശ്വാസങ്ങളുടെ   
താളമാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ നിദ്രയുടെ
ആഴമറിയുന്നവന്‍  ഞാന്‍,
നിന്‍റെ കിനാവിലെ
പുതുമഴയാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ ഏകാന്ത യാമങ്ങളില്‍
നിന്നിലലിയുന്നവന്‍ ഞാന്‍,
ഞാനൊരു ഗന്ധര്‍വ്വന്‍ .

Thursday, October 4, 2012

പീടനപര്‍വ്വം   

     
കറുത്ത കാലുകളില്‍
കൊലുസുകള്‍ പിണങ്ങി   കിടക്കുന്നു
തുടുത്ത ചുണ്ടുകളില്‍
ചോരച്ചുവപ്പ് പടര്‍ന്നിരിക്കുന്നു
അഴിഞ്ഞ  ചേലയുടെ
 മുഷിഞ്ഞ നാറ്റം
കാതുകളിലുയരുന്ന
കുളബ്ബടി ശബ്ദം
നഖമുന  കോറിയ
നീറുന്ന ചിത്രപണികള്‍
സിരകളില്‍ ആര്‍ത്തുപൊങ്ങിയ
പ്രളയ ജലത്തില്‍,
മുങ്ങിതാഴ്ന്നൊരു
ശബ്ദകണങ്ങള്‍.

Wednesday, October 3, 2012

മരണാനന്തരം

നിലവിളക്കിന്‍റെ തിരി
നീട്ടിതെളിച്ച്-
നടുതിണ്ണയില്‍ വെച്ചിരിക്കുന്നു
അരികിലായി
വെള്ള പുതച്ചൊരു
നീണ്ട പൊതിയും.

കുട്ടികൂറ പൌടറും
 അറേബ്യന്‍ അത്തറും
മണപ്പിച്ച ദേഹം  
നാറാതിരിക്കാന്‍
സാമ്പ്രാണികള്‍ തല
പുകയ്ക്കുന്നു.

അലറിവിളിച്ചു കരയുവാന്‍
ചുറ്റിലും കുറെ ആളുകള്‍;
ഇന്നലെ വഴിയ്ക്കുവെച്ചു
പള്ള് പറഞ്ഞവനും
ആ കൂട്ടത്തിലിരിക്കുന്നു.


തൊടിയിലെ മാവില്‍നിന്നൊരു
കിളി പറന്നകന്നു
ആത്മാവിനു
കൂടൊരുക്കാന്‍
തെക്കേ വളപ്പിലൊരു
തെങ്ങിന്‍  തൈ
കുഴി മാന്തി പുറത്തിരിക്കുന്നു .

എള്ളും ,പൂവും
കറുകയും ചേര്‍ത്തുള്ള
കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങണം
നിളയുടെ ഓളങ്ങളില്‍
നിറഞ്ഞ് ഒഴുകണം
ഒടുവിലൊരു താരകമായി
കണ്ചിമിഴ്ക്കണം .





Monday, October 1, 2012

 കണ്ണട വെച്ച സത്യം

കണ്ണട വെച്ച സത്യത്തെ
ഒരു കീറു കടലാസിലാക്കി-
നിറമുള്ള മഷി പുരട്ടി
നമ്മള്‍ വറുത്തെടുത്തു.

കണ്ണുമൂടിയ ദേവതയെ
ചാരെ നിറുത്തി
ചിലരത്തില്‍ പൂജ്യങ്ങള്‍
ചേര്‍ത്തെടുത്തു .



ശിഷ്യരായി  ചിലര്‍
വേഷം കെട്ടി ,
സത്യാഗ്രഹത്തില്‍ ആഗ്രഹം
വാര്‍ത്തെടുത്തു .


ഊന്നുവടിയുന്നി കരയുന്നു
ആ വൃദ്ധന്‍,
ഊര്‍ന്നുപോയ തന്‍റെ
സ്വപ്നങ്ങള്‍ ഓര്‍ത്ത്.



സത്യം ഏതെന്നറിയാതെ;
ഉറക്കം ഉണരാതെ
ഒരു ജനതയും
കണ്ണടച്ചിരിക്കുന്നു.