Wednesday, October 3, 2012

മരണാനന്തരം

നിലവിളക്കിന്‍റെ തിരി
നീട്ടിതെളിച്ച്-
നടുതിണ്ണയില്‍ വെച്ചിരിക്കുന്നു
അരികിലായി
വെള്ള പുതച്ചൊരു
നീണ്ട പൊതിയും.

കുട്ടികൂറ പൌടറും
 അറേബ്യന്‍ അത്തറും
മണപ്പിച്ച ദേഹം  
നാറാതിരിക്കാന്‍
സാമ്പ്രാണികള്‍ തല
പുകയ്ക്കുന്നു.

അലറിവിളിച്ചു കരയുവാന്‍
ചുറ്റിലും കുറെ ആളുകള്‍;
ഇന്നലെ വഴിയ്ക്കുവെച്ചു
പള്ള് പറഞ്ഞവനും
ആ കൂട്ടത്തിലിരിക്കുന്നു.


തൊടിയിലെ മാവില്‍നിന്നൊരു
കിളി പറന്നകന്നു
ആത്മാവിനു
കൂടൊരുക്കാന്‍
തെക്കേ വളപ്പിലൊരു
തെങ്ങിന്‍  തൈ
കുഴി മാന്തി പുറത്തിരിക്കുന്നു .

എള്ളും ,പൂവും
കറുകയും ചേര്‍ത്തുള്ള
കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങണം
നിളയുടെ ഓളങ്ങളില്‍
നിറഞ്ഞ് ഒഴുകണം
ഒടുവിലൊരു താരകമായി
കണ്ചിമിഴ്ക്കണം .





No comments: