Monday, October 22, 2012


 ചിരിയും- കരച്ചിലും 

ആശുപത്രി വരാന്തയിലെ
കസേരക്കൂട്ടത്തില്‍ .
ആള്‍ വെലുപ്പത്തിനു
 എന്തു സ്ഥാനം.
മരുന്നു മണത്തില്‍
തളം കെട്ടി കിടിക്കുന്ന
മൌനമാണെങ്ങും  .

അകത്തു കത്രികപണിക്ക്
കിടക്കുന്ന ദേഹത്തിന്‍റെ
രക്തബന്ധമുള്ള മുഖങ്ങള്‍
രക്തംവറ്റി  നില്‍ക്കുന്നു.

മൌനം ഭേദിക്കുന്ന
ചില നിമിഷങ്ങളില്‍
ഗര്‍ഭാശയം തുറന്നുവരുന്ന -
കരച്ചിലിനെ ചുറ്റുന്ന
ചിരിയുടെ
സന്തോഷ ലാളനങ്ങള്‍..

മറ്റു ചിലപ്പോള്‍
ഗര്‍ഭാശയത്തിലേക്ക് മടങ്ങുന്ന -
ചിരിയെ ചുറ്റുന്ന
കരച്ചിലിന്‍റെ
ചിറകടി   മേളനങ്ങള്‍. ...
     

Sunday, October 21, 2012

വളപ്പൊട്ടുകള്‍


മാറാല പിടിച്ച തട്ടില്‍നിന്നും
കാലത്തിന്റെ കൈതട്ടി
അടര്‍ന്നു വീണെന്റെ
 ഓര്‍മ്മ പുസ്തകം
ഇരുവാലികള്‍ പൂക്കളമിട്ട
താളുകളില്‍ നിന്നെന്നെ
നീല കണ്ണുയര്‍ത്തി നോക്കുന്നു,
പെറ്റുപെരുകാന്‍ ഞാന്‍ വെച്ച 
മയില്‍‌പ്പീലി തുണ്ടുകള്‍ .
ഇലകള്‍ ,പൂക്കള്‍ ,
തീപ്പെട്ടി ചിത്രങ്ങള്‍ ,
 നിറം  നഷ്ടമാകുന്ന  തൂവലുകള്‍
എന്റെ പുസ്തകക്കാല
കുതുഹലങ്ങള്‍ .

അക്ഷരം എഴുതി പഠിപ്പിച്ച
ഗുരുക്കന്മാര്‍ ,
എന്റെ കൈത്തണ്ടയില്‍ തിണിര്‍ത്ത
ചൂരലിന്റെ ചെറുനോവായി  തെളിയുന്നു,
ഞാനതില്‍ പകച്ചു നില്‍ക്കുന്നൊരു
പിന്‍ ബെഞ്ചുകാരന്‍.
പൊടിപിടിച്ച താളുകളിലുടെ    
ഞാനെന്റെ കൌമാരത്തിലേക്ക്   ,
 മങ്ങിയ  സൌഹൃദത്തിലേക്ക്;
വളപ്പൊട്ടുകള്‍ തിരഞ്ഞു
പിന്‍നടക്കുന്നു.

Saturday, October 20, 2012

സ്മാരകശിലകള്‍

കടല്‍ത്തീര മണലില്‍
കുഴിഞ്ഞു കിടക്കുന്നു
ഞാന്‍ മറന്നുവെച്ചൊരെന്‍
കാല്‍പ്പാടുകള്‍ .
വേലിയേറ്റത്തിന്റെ ക്ഷുഭിത
മാലകളില്‍ , നരവീണ് തുടങ്ങിയ
സ്മ്രിതികള്‍ .
എന്റെ ഭാരം ചുമന്നു
എന്നോടൊപ്പം വളര്‍ന്നു
തെളിഞ്ഞ രേഖകള്‍ .
ഞാന്പോലുമറിയാതെ
ഞാനെഴുതിയ ജീവസ്പന്ധനം.
ആഴങ്ങളുടെ ഏകാന്തതയില്‍----- -----=
നേര്‍ത്തു-നേര്‍ത്തു ഇല്ലാതാവുന്ന
പ്രാണന്റെ സ്മാരകശിലകള്‍ .

Wednesday, October 17, 2012

നിലാവു പെയ്യുമി
നിശബ്ദ രാത്രിയില്‍
നിന്നെ പുല്കിവെരുന്ന
കാറ്റു കാത്തുഞാനിരിക്കുന്നു .
വേണ്മേഘ  കീറുകള്‍  
മഞ്ഞായി പൊഴിയുന്ന
ധനുമാസ കുളിരില്‍
ഇറയത്തു ഞാന്‍
 ഇമവെട്ടാതിരുന്നു .
നിന്റെ നോട്ടം
എന്റെ ഉള്ളില്‍ പിടയന്നു ,
ഞാനതില്‍ വെന്തുനീറുന്നു
ഒരു നൊമ്പരമായി
ഞാന്‍ നിന്നിലലിയട്ടെ
നിന്റെ നിശ്വാസത്തിന്റെ
ഗന്ധമെനിക്കു പകരം തരു,
ഉള്‍ചുണ്ടിനാല്‍ രുചിച്ചു
ഞാനുറങ്ങട്ടെ .

Tuesday, October 16, 2012

ചക്രം


തിരക്കിട്ടോടുന്ന ജീവിത ചക്രത്തില്‍
തിരിച്ചറിയാത്ത മുഖങ്ങള്‍
കണ്ടു ഞാന്‍ മടുത്തു.
സിരകളിലും  ചക്രം
മാത്രം കറങ്ങുമ്പോള്‍
ചിരിച്ചു പോലുംകാട്ടാതെ
ഞാനുമാച്ചുഴിയില്‍
മുങ്ങുന്നു.

ചിതറിയ നോട്ടംകൊണ്ടെന്‍റെ
ഹൃദയം മുറിക്കാതെ
പോവുക ചിന്തകളെ
ഞാനും മയങ്ങട്ടെ
കുറുഞ്ഞികള്‍ പൂക്കുന്ന
പുലരികള്‍
കിനാവുകണ്ട്‌ .

Sunday, October 14, 2012

വേനല്‍ക്കാല കുടപിടിക്കുന്ന
നാട്ടുമാവിന്‍റെ  തണലില്‍
ഞാന്‍ എന്‍റെ കവിതയുടെ
വിത്തുകള്‍ മുളയ്ക്കാനിട്ടു ,
വയലേലകളിലുടെ  ചീറിവന്ന
 കാറ്റേറ്റതു കിളിര്‍ത്തു,
ചക്രവാളങ്ങളിലെ സിന്ധൂരപൊട്ടിട്ട 
സന്ധ്യാരാഗം കേട്ടതുവളര്‍ന്നു .
ഋതുഭേദങ്ങളുടെ പുളകങ്ങളില്‍
തളിരിട്ടു കായ്‌ പിടിച്ചു .

വിളഞ്ഞ തലപ്പുകള്‍ നോക്കി
ഞാന്‍ കൊയ്തുമെതിച്ചു,
പകുതി അളന്നു ഞാനിന്നു
വില്‍പ്പനക്ക് വെക്കുന്നു
മറുപാതി ഞാനെന്‍റെ
പത്തായപുരയില്‍ പുഴ്ത്തിവെക്കും 
വര്‍ഷകാല പ്രളയത്തിന്‍റെ,
എക്കല്‍ ഏറ്റുതുടുക്കുന്ന-
മണ്ണിലിട്ടു
വീണ്ടും മുളപ്പിക്കാന്‍.

Saturday, October 13, 2012

കിറുക്കന്‍

പാടവരമ്പിലെ കാറ്റിനെ
പിടിച്ചുഞാനൊരു
നൂല്തുമ്പില്‍ കെട്ടിയിട്ടു .
വളര്‍ത്തു  നായുടെ 
വാലെടുത്തൊരു നീണ്ട
കുഴലിലാക്കി.
മുത്തശിയുടെ ചുളിഞ്ഞത്വക്കില്‍
ഇസ്തിരിപെട്ടിവെച്ചു
നേരെയാക്കി .
വീട്ടിലെ അരിയെടുതിരുനാഴി
അളന്നു ആറ്റില്‍ കളഞ്ഞു .
ചീവീടിനെ  പിടിച്ചു
നാക്ക്‌ കണ്ടിച്ചു .
പായല്‍പിടിച്ച    അരകല്ല്
മുറ്റത് എടുത്തിടുരുട്ടി .
   
ചന്ദ്രനെ കൈകുംബിളിലാക്കി
അലമാരിയില്‍ അടച്ചുവെച്ചു  
കള്ളന്‍;
എന്നെക്കാളും കിറുക്കനവന്‍
താക്കോല്‍ പഴുതിലുടെ
ചാടിക്കളഞ്ഞു,
ദേഹം വളഞ്ഞവന്‍
മാനത്തുനില്‍ക്കുന്നു. 
താരകള്‍  അഹങ്കാരികള്‍
എന്നെ നോക്കി
കണ്ണിറുക്കുന്നു.

Friday, October 12, 2012

ഉരുളചോറ് 

തൂഷനിലതുമ്പില്‍ വെച്ച
ഉരുള ചോറുണ്ണാന്‍ 
കൈ കൊട്ടി വിളിച്ചിട്ടും
വന്നില്ല കാക്കയൊന്നും,
കടല്‍ത്തിരയില്‍
അസ്തമയകാറ്റ് അടിക്കുമ്പോഴും.

ഈ രാവില്‍ പാലമരം പൂത്ത്
ഗന്ധം പരക്കവേ
മുടിയഴിച്ചിട്ട  കിനാവുകളില്‍
കണ്ണുരുട്ടി, നാവുനീട്ടുന്നു
അച്ഛനും ,അമ്മയും.

ഉടലില്‍ ഉയിരോഴുകിയ
പകലുകളില്‍
 കൊടുക്കാതെ ബാക്കിവെച്ച
ഒരു ഉരുളചോറ്
ആ ഇലയില്‍ ഇരിക്കുന്നു
ഉറുമ്പ്‌ പോലുംഅരിക്കാതെ.



അശാന്തിയുടെ തീരങ്ങളില്‍
വേദനതിന്നു വിശപ്പടക്കി
കരളില്‍ വീണ കുഴിബോംബു കൊണ്ട്
കളിപ്പാട്ടമുണ്ടാക്കി കളിക്കുന്നു
കുറെ കുരുന്നുകള്‍.
കാല്‍ അറ്റും,കയ്യുടഞ്ഞും,
നോസ്സുപിടിച്ച അമ്മയുടെ
ചിരിയില്‍ അലിഞ്ഞവര്‍
ആടുമ്പോള്‍
പിറന്ന മണ്ണിന്റെ
ആകാശ കാഴ്ച്ചകളില്‍
വിഷപ്പുക തൂവുന്ന
ചിന്തകളില്‍
വീണ്ടും ഉയരുന്നു
കാഹളങ്ങള്‍ .
 (പ്രേരണ :"Turtles can Fly")

 മൂകന്‍

ഞാന്‍ ജീവിച്ചിരിക്കുന്നു
ഓരോ അണുവിലും,
രക്തം ഉറയാതെ
ധമനികളില്‍ തണുപ്പ്
കയറാതെ
പുതിയ പ്രഭാതത്തിന്റെ
കാഴ്ച്ചകളില്‍ അഗ്നി പടരുമ്പോള്‍
മൂകനായി ഞാനിരിക്കുന്നു
നഷ്ടപെട്ട എന്റെ ശബ്ദത്തിന്റെ
ഉറവു പൊട്ടുന്നതും  കാത്തു .