Friday, November 16, 2012

അച്ഛന്‍

കാലില്‍ കൊഞ്ചുന്ന
സ്വരമണിഞ്ഞു
ചുണ്ടില്‍ വിടരുന്നൊരു
പാല്ച്ചിരിയുമായി
ഒരു പെണ്‍കിടാവ്
ഓടിയെത്തി
ഉമ്മറപ്പടിയില്‍
ആളനക്കം കേട്ട് .

അപരിചിതനെ കണ്ടു ,

ചിരിമാഞ്ഞ മുഖവുമായി
അമ്മക്കാലുപിടിച്ചു
മറഞ്ഞു നോക്കുന്നു
ഇളം കണ്ണുകള്‍ .

അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍
"അച്ഛന്‍ "എന്ന്
കേട്ട് മാത്രം
അറിഞ്ഞ വാക്ക് ,
മുത്ത്‌ നിറഞ്ഞ
കണ്ണുമായി
കൈ നീട്ടി നിന്നു
വിളിക്കുന്നു മുന്നില്‍ .

എത്ര രാവുകളില്‍
അമ്മ പറഞ്ഞ
കഥകളില്‍
അച്ഛനുണ്ട്‌ ദൂരെ
വിയര്‍പ്പണിഞ്ഞു
നില്‍ക്കുന്നു .

വരുമൊരുനാളില്‍,
നിറഞ്ഞുമ്മനല്‍കാന്‍
കൈനിറയെ മധുര
പൊതികളുമായി
എന്നമ്മ പറഞ്ഞിരുന്നെക്കിലും ,
അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍ ...........................

(ഒരു പ്രവാസി സുഹൃത്തിന്‍റെ ജീവിത കാഴ്ച്ചയില്‍ നിന്നും കട്ടെടുത്തത്)

Thursday, November 15, 2012

സിഗ്നല്‍


മൂന്നു നിറങ്ങള്‍
നാലുവഴികള്‍
എത്ര മുഖങ്ങള്‍
കാത്തിരിപ്പിന്‍റെ നൊമ്പരം .

ഒന്ന്‍

നിന്‍റെ സമയം
ആയിട്ടില്ല
തെല്ലു നേരം ഉണ്ട്
ഞങ്ങളുണ്ട്
കൂടെ .

രണ്ട്

തയ്യാറായിക്കൊള്ളുക
ഏതു നിമിഷവും
വിളിക്കപ്പെടും
പാഴാക്കുവാന്‍
സമയമില്ല .

മൂന്ന്‍

നിന്നെ വിളിച്ചിരിക്കുന്നു
ഇനി മുന്നോട്ടു യാത്ര
ലക്‌ഷ്യം അറിയാതെ
ഗതി വേഗത്തിന്‍റെ
ചിറകില്‍ ഏറി .

Tuesday, November 13, 2012

ശൈത്യം



മരുഭൂമിയിലെ വേനല്‍
ഇന്നലെ അവധിക്കപേക്ഷിച്ചു
അര്‍ദ്ധവിരാമമിട്ടൊരു
പൊടിമഴ വന്നുപാറി.

കൊടും ശൈത്യത്തിന്‍റെ
വരവറിയിച്ചു ,
പകലുപോലും
നേരം തെറ്റി
മിഴിയടച്ചു തുടങ്ങി .
കുളിര് പുതയ്ക്കുന്ന
കാലമോര്‍ത്തു
വഴിവക്കുകള്‍
പൂവിരിയ്ക്കാനൊരുങ്ങുന്നു

പനക്കൂട്ടങ്ങളില്‍
പുനര്‍ജീവനത്തിന്‍റെ
നാടിമിടുപ്പുകള്‍ .


കാറ്റു കൂമ്പാരമിട്ട
മണല്‍ത്തരികളരുകില്‍
താവളം കെട്ടുന്നു ചിലര്‍,
പൂര്‍വ്വികര്‍  അതിജീവിച്ച
ഋതുക്കള്‍ ഓര്‍ത്തു
രക്തരേഖകള്‍ പുതുക്കാന്‍
മണ്ണിന്‍റെ രുചി
തിരിച്ചറിയാന്‍ .    

വിടവ്

കണ്ണുകൊണ്ട് കണ്ടറിഞ്ഞതെല്ലാം
കല്ലുവെച്ച കളവാണ്
അരികത്തിരുന്നു കേട്ടതെല്ലാം
തൊങ്ങലുവെച്ച കഥകളാണ്
എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ .

എത്ര പുതപ്പിട്ടു
മൂടിയിട്ടും
എന്‍റെയും നിന്‍റെയും
ഉള്ളറകളിലിന്നും
ആര്‍ത്തിയുടെ,അഹങ്കാരത്തിന്‍റെ
അധികാര മോഹത്തിന്‍റെ
വിത്തുകള്‍ മുളയ്ക്കുന്നുണ്ട് .

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

Monday, November 12, 2012

#***ഏവര്‍ക്കും ദീപാവലി ആശംസകള്‍ ***#

അഗ്നിപൂത്ത
നിറങ്ങള്‍ കൊണ്ടു
മാനം ചിത്രമെഴുതുമ്പോള്‍
തെളിഞ്ഞു കത്തുന്ന
ദീപങ്ങള്‍ കൊണ്ടു
സന്ധ്യ ചിരിയ്ക്കുമ്പോള്‍
മധുരം പങ്കിട്ടു
മനസു നിറയുമ്പോള്‍,
പുരാണങ്ങള്‍ ബാക്കി വെച്ച
നന്മയോര്‍ക്കുന്നു .

Sunday, November 11, 2012

ദൈവങ്ങള്‍ വില്‍പ്പനയ്ക്ക്

ദൈവങ്ങളെ വില്‍പ്പനയ്ക്ക്-
വെച്ചൊരു മുക്കവലയില്‍
പാതിരാ നേരത്തൊരു
നക്ഷത്രം വീണുടഞ്ഞു .

ചിതറിയ ശകലങ്ങളില്‍
നിറം പിടിച്ചു .

ദൈവങ്ങള്‍ തമ്മില്‍
കലഹിച്ചു ,പോര്‍വിളിച്ചു
ചോര കുടിച്ചു;

എത്ര കുടിച്ചിട്ടും
തീരാതെ
പുതു ദൈവങ്ങളിന്നും
വില്പ്പനയ്ക്കെത്തുന്നു .

Friday, November 9, 2012

ചൊവ്വാ ദോഷം

ചൊവ്വാ ദോഷമുണ്ടെന്നു
ജോതിഷി ,
ഞാനെന്തു
പിഴച്ചെന്നു പെണ്‍കുട്ടി .

കണ്ടവര്‍ -കണ്ടവര്‍
ചായ കുടിച്ചു
മടങ്ങി .
കേട്ടവര്‍ -കേട്ടവര്‍
വെറുതെ

നെടുവീര്‍പ്പിട്ടു .

ബീജാവാഹമേല്‍ക്കാത്ത
ഗര്‍ഭപാത്രം ഇന്നലെ
തൂങ്ങി മരിച്ചു ,
എരിഞ്ഞു തീര്‍ന്നിട്ടും
തുറിച്ചു നോക്കുന്നു
കണ്ണുകള്‍ .

ദോഷം ഇല്ലാത്തിടത്തേക്ക്
ഞാന്‍ പോകുന്നു
എന്നൊരു മുന്‍കുറിപ്പ്
മേശവലുപ്പില്‍
നിന്നും വീണ്ടെടുത്തു.

Thursday, November 8, 2012

ദൈവത്തിന്റെ വീടുകള്‍





  
പുണ്യമൊരു
പ്രാര്‍ഥനയുടെ നിറവില്‍
ഉയര്‍ന്നു പൊങ്ങിയ
മിനാരങ്ങള്‍
പ്രാവുകള്‍ കുറുകുന്ന

മുഖപ്പുകള്‍ .

പടിഞ്ഞാറെന്‍ മാനത്തെ
പുതു ചന്ദ്രിക
ഇശല്‍ ഒഴുക്കിയ
റമദാന്‍ രാവുകള്‍ .

ഉള്ളറകളിലെ
ധ്വനികളില്‍ നിന്ന്
പടരുന്ന
ഊര്‍ജ്ജ പ്രവാഹങ്ങള്‍ ,
നിസ്കാര തഴമ്പുവീണ
നെറ്റിയില്‍ നിഴലിക്കുന്ന
വൃത പുണ്യങ്ങള്‍ .

Wednesday, November 7, 2012

ബംഗലൂരു ചന്നാഗിധേയ ?



കാലമാറ്റത്തില്‍ ഒരു;
വിസ്ഫോടനത്തില്‍
ഞാനും തെറിച്ചുവീണാ-
നഗര മധ്യത്തില്‍
ഗതി തേടി

ഇരവിലും ചിരിയ്ക്കുന്ന
ബംഗ്ലൂരൂ ,നിന്‍റെ

ചിരിയില്‍
ഞാനും മയങ്ങി

കേമ്പഗൌടയുടെ
കന്നഡ മണ്ണിലന്നു
അഭിനവ മദ്യരാജാവിന്‍റെ
വാഴ്ച്ചക്കാലം.
കൊച്ചു ക്രികറ്റിന്‍റെ
ആരവങ്ങള്‍
ആദ്യമുണര്‍ന്ന
ചിന്നസ്വാമിയെ
വലംവെച്ചെത്ര
യാത്രകള്‍ .

പേരറിയാത്ത പൂമരങ്ങള്‍
തണല്‍ വിരിച്ചിട്ട
സുന്ദര വീഥികള്‍ ,
അതിനും മീതെ
പറന്നു പൊങ്ങുന്ന
പുതു വീഥികള്‍ .
ഇഴഞ്ഞു നീങ്ങുന്ന
ശകടത്തിനുള്ളില്‍
എത്ര മുഖങ്ങള്‍
എത്ര കഥകള്‍ .

ലാല്‍ബാഗിലുടെ
എത്ര നടന്നിട്ടും
തീരാത്ത പൂക്കാലങ്ങള്‍
ഓര്‍മ്മയായ-
സ്വാതന്ത്ര്യത്തിന്‍റെ പരേഡുകള്‍. .
അവന്യു റോഡിലുടെത്ര
പുസ്തക തിരച്ചിലുകള്‍ ....

മാളുകള്‍ ,സ്റ്റോളുകള്‍
വോള്‍വോകള്‍ ,
ലീലയുടെ കൊട്ടാരം,
പോലെത്ര.............
ആടമ്പരക്കാഴ്ച്ചകള്‍ .

ഒരു കോണില്‍ ചിരിച്ചും
മറു കോണില്‍ കരഞ്ഞും
പല ജീവിതക്കാഴ്ച്ചകള്‍ ;
ഡോമ്ലൂരിലെ നാറുന്ന
ഓടപോല്‍
നീ മൂടിവെയ്ക്കുന്നു .

ഇടുങ്ങിയ മുറിക്കുള്ളില്‍
അട്ടിയിട്ട സൌഹൃദങ്ങള്‍
പിരിഞ്ഞുപോയിട്ടെത്ര
നാളായെക്കിലും
ആത്മ പുസ്തകത്തിന്‍റെ
നനുത്ത താളില്‍
തുടുത്തു നില്‍ക്കുന്നു .

Monday, November 5, 2012

മധ്യത്ത്.



ഉണങ്ങാന്‍ 
നിരത്തിയിട്ട 
വിത നെല്ല് 
മുറ്റത്ത്‌

കക്കുവാന്‍
കാതോര്‍ത്തു 
ചില ജീവികള്‍ 
പറ്റത്ത്

അലക്കുന്ന
തുണിനോക്കി
ഒരു കാര്‍മേഘം
മാനത്ത്

കുടംപുളിയിട്ട്
ചട്ടിയിലാക്കിയ
പുഴ മീന്‍
അടുപ്പത്ത്‌.

ഓടിയോടി
തളരാതെ
ഒരു മുത്തശി
മധ്യത്ത്.