നീണ്ടും കുറുകിയും
നിറമുള്ളതും നിറമറ്റതും
അലങ്കാരങ്ങളോടെയും അല്ലാതെയും
കാഴ്ച്ച യെത്തുന്നിടത്തെല്ലാം കുരിശുകൾ;
സന്ധ്യയോടൊപ്പം വളരുന്ന
എന്റെ ഏകാന്തതയിലേക്ക്
അവ അങ്ങനെ തലനീട്ടി നില്ക്കുന്നു
ജനനദിവസംതന്നെ എത്തിച്ചേർന്നവർ,
ജീവിതത്തിന്റെ രഥചക്രത്തിലൂടെ
സുഖ-ദുഖങ്ങളുടെ ശതകം കടന്നവർ,
പ്രതീക്ഷകളുടെ ഇടവഴിയിൽ
അപ്രതീക്ഷിതമായ് ഇടറിവീണവർ
കുടുംബമായ് ഒരുമിച്ചെത്തിയവർ .
അനാഥമായ് കാടുകയറിയ -
കൽക്കെട്ടുകൾ
ജീവിതം
ഒറ്റവരിയിൽ രേഖപ്പെടുത്തിയ
തിളങ്ങുന്ന മാർബിൾ ഫലകങ്ങൾ
പുത്തൻ അതിഥിക്കായ്
കാത്തിരിക്കുന്ന നീളൻ കുഴി;
കാഴ്ച്ചകളുടെ നിശബ്ദതയ്ക്ക് നടുവിൽ
ഒരുപിടി പൂക്കളുമായ് ഞാനും
അതിരിൽ വിടരുന്ന
കുഞ്ഞുപ്പൂക്കളിലേക്ക് പാറുന്ന
മഞ്ഞനിറമുള്ള പൂമ്പാറ്റയിലേക്ക്
എന്റെ കണ്ണുകൾ ചായുന്നു
തിളക്കമറ്റ പൂക്കളിലേക്ക്
ഉരുകിച്ചേരുന്ന മെഴുകുതിരിയുടെ
ഈ കുഞ്ഞിവെട്ടത്തിലും