Thursday, November 29, 2012

സമൂഹത്തിനോട്


   ഞാന്‍ ആരെന്ന് ;

എന്നിലും നന്നായി 


നിങ്ങള്‍ക്കറിയാം 


  എന്ന് എന്നോട് 


  ചിലര്‍ പറഞ്ഞു .




   നിങ്ങളറിയുന്ന


      ഞാനാണ്‌ 


യഥാര്‍ത്ഥത്തിലുള്ള   


   ഞാനെങ്കില്‍  ,  


ഞാന്‍  അറിയുന്ന 


ഞാന്‍   ആരെന്ന്‍


ചിന്തിച്ച്  ,ശങ്കിച്ച് 


ഞാന്‍  എന്നെപോലും 


  മറന്നു പോയി.

Tuesday, November 27, 2012

പ്രവാസമരണം


ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള്‍ ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .


ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .


പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................

കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍  
പാല്‍ വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .

(ഒരു പ്രവാസി  നാട്ടുകാരന്‍റെ  മരണവാര്‍ത്ത കേട്ടപ്പോള്‍ .......)


Sunday, November 25, 2012

ചലച്ചിത്ര കാവ്യം


            1.ഋതു
 
ബുദ്ധ ദര്‍ശനത്തിന്‍റെ
       നിറവില്‍
സ്വയം പാപത്തിന്‍റെ
       ശിലകള്‍,
വലിച്ചുഴറുന്ന
ജീവിതത്തിന്‍റെ
ഋതുഭേത കാഴ്ച്ചകള്‍
കണ്ണിലൊരു
മഞ്ഞു കണമായി
ഉറയുന്നു .

       2. പാട്ട് 

കുരുവികളുടെ പാട്ടില്‍
അലിഞ്ഞു ചേരുന്ന
കുരുന്നു ചിരികള്‍
സ്വര്‍ണ നിറമുള്ള
മത്സ്യങ്ങളായി
പുളയുന്നു .

കൂടുവിട്ടു ചാടിയ
ഒട്ടകപക്ഷിക്ക് പിറകെ
കൂടുതേടി പായുന്ന
ജീവിതക്കാഴ്ച്ചകള്‍
പലവഴി കടന്നു
ചിറകടിയായി
ഉയരുന്നു .

1-SPRING,SUMMER,WINTER,FALL,AGAIN SPRING:-- South Korean film by Kim Ki-Duk

2-SONG OF SPARROWS:-Iranian film by Majid Majidi

Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

Tuesday, November 20, 2012

കിളികള്‍


തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .

തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .

വേട്ടയാടപെടേണ്ട   മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും  
അമ്പേല്ക്കാറുള്ളത്  
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,                                  
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .

Monday, November 19, 2012

സഞ്ചാരി

ഒരു സഞ്ചാരി ആകണം
കാലം ബാക്കി വെച്ച
കാഴ്ച്ചകള്‍ തിരഞ്ഞുനടക്കണം

ആരും കണ്ടെത്താത്ത
തീരങ്ങളിലുടെ
ചിറകു വീശി പറക്കണം

പുത്തെന്‍ കാഴ്ച്ചകളുടെ
വിസ്മയങ്ങളെ

കൈയെത്തി തൊടണം .

പൂമരങ്ങള്‍ ,പൂമ്പാറ്റകള്‍
നിറങ്ങള്‍ ,നീര്‍ചോലകള്‍
എല്ലാം ഒപ്പിയെടുക്കണം

കുന്നിന്‍ തലപ്പുകളിലുടെ
ചീറിപായുന്ന മേഘങ്ങളില്‍
അലിഞ്ഞു ചേരണം

കാറ്റായ്,മഴയായ്
വെയിലായ്,മഞ്ഞായ്‌
പൊഴിഞ്ഞു തീരണം .

Sunday, November 18, 2012

കുരിശ്ശ്

മഴത്തടത്തില്‍ 
കലങ്ങിയൊരാകാശം
പള്ളി മുറ്റത്ത്‌.

ആകാശത്തിലേക്ക്
ഇടയ്ക്കിടെ
തലനീട്ടുന്നു
ഒരു നീളന്‍ കുരിശ്ശ്

കുരിശ്ശില്‍
തൂങ്ങാറുണ്ട്
ഓര്‍മ്മകളില്‍
ഇന്നും ക്രിസ്തു

ഓര്‍മ്മകള്‍
ഓര്‍മ മാത്രമാകുമ്പോള്‍
കുരിശ്ശാകുന്നു 
ഞാനും നീയും .        

Friday, November 16, 2012

അച്ഛന്‍

കാലില്‍ കൊഞ്ചുന്ന
സ്വരമണിഞ്ഞു
ചുണ്ടില്‍ വിടരുന്നൊരു
പാല്ച്ചിരിയുമായി
ഒരു പെണ്‍കിടാവ്
ഓടിയെത്തി
ഉമ്മറപ്പടിയില്‍
ആളനക്കം കേട്ട് .

അപരിചിതനെ കണ്ടു ,

ചിരിമാഞ്ഞ മുഖവുമായി
അമ്മക്കാലുപിടിച്ചു
മറഞ്ഞു നോക്കുന്നു
ഇളം കണ്ണുകള്‍ .

അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍
"അച്ഛന്‍ "എന്ന്
കേട്ട് മാത്രം
അറിഞ്ഞ വാക്ക് ,
മുത്ത്‌ നിറഞ്ഞ
കണ്ണുമായി
കൈ നീട്ടി നിന്നു
വിളിക്കുന്നു മുന്നില്‍ .

എത്ര രാവുകളില്‍
അമ്മ പറഞ്ഞ
കഥകളില്‍
അച്ഛനുണ്ട്‌ ദൂരെ
വിയര്‍പ്പണിഞ്ഞു
നില്‍ക്കുന്നു .

വരുമൊരുനാളില്‍,
നിറഞ്ഞുമ്മനല്‍കാന്‍
കൈനിറയെ മധുര
പൊതികളുമായി
എന്നമ്മ പറഞ്ഞിരുന്നെക്കിലും ,
അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍ ...........................

(ഒരു പ്രവാസി സുഹൃത്തിന്‍റെ ജീവിത കാഴ്ച്ചയില്‍ നിന്നും കട്ടെടുത്തത്)

Thursday, November 15, 2012

സിഗ്നല്‍


മൂന്നു നിറങ്ങള്‍
നാലുവഴികള്‍
എത്ര മുഖങ്ങള്‍
കാത്തിരിപ്പിന്‍റെ നൊമ്പരം .

ഒന്ന്‍

നിന്‍റെ സമയം
ആയിട്ടില്ല
തെല്ലു നേരം ഉണ്ട്
ഞങ്ങളുണ്ട്
കൂടെ .

രണ്ട്

തയ്യാറായിക്കൊള്ളുക
ഏതു നിമിഷവും
വിളിക്കപ്പെടും
പാഴാക്കുവാന്‍
സമയമില്ല .

മൂന്ന്‍

നിന്നെ വിളിച്ചിരിക്കുന്നു
ഇനി മുന്നോട്ടു യാത്ര
ലക്‌ഷ്യം അറിയാതെ
ഗതി വേഗത്തിന്‍റെ
ചിറകില്‍ ഏറി .