Tuesday, February 19, 2013

ഓര്‍മ്മപ്പുസ്തകം



ഓര്‍മ്മകള്‍ പകുത്തുവെയ്ക്കാന്‍
ഒരു പുസ്തകം 
നിഴലുകള്‍ കൊണ്ട് 
കളം വരച്ചു നിറച്ച 
പുറംചട്ട,
ബാല്യത്തിന്‍റെ ബലമുള്ള 
ആമുഖം .

കൌമാരത്തിന്‍റെ
കള്ളത്തരങ്ങള്‍ കൊണ്ട് 
ഉള്‍ത്താളുകള്‍   തുടങ്ങണം 
കണ്ടുതീര്‍ത്ത കാഴ്ച്ചകള്‍
തൊങ്ങലുകള്‍ വെച്ച്
താളുകള്‍ നിറയ്ക്കണം .

ചുറ്റുംനിറഞ്ഞ 
ആള്‍ക്കൂട്ടത്തിനിടയിലും 
ഏകാനയിത്തീര്‍ന്നതും,
പുതിയ ആകാശങ്ങള്‍ 
കൂട്ടുവന്നതും കുറിയ്ക്കണം.
  
ഉള്ളു നീറുമ്പോഴും 
ചിരിയ്ക്കാന്‍ പഠിപ്പിച്ച 
മുഖങ്ങളെ വര്‍ണ്ണിക്കണം .

പല രാഷ്ട്ര,
പല മത ,
പല കാല,
പല ഭാഷ 
പല വേഷ ,
പല ഭൂഷാതികള്‍ക്കിടയിലും 
മനുഷന്‍ ഒന്നാണെന്ന് 
പഠിച്ചതും 
എഴുതിച്ചേര്‍ക്കണം.

അര്‍ദ്ധ വിരാമങ്ങള്‍ 
പൂര്‍ണ്ണവിരാമം  അല്ലെന്നും 
പുതിയ വൃത്തത്തിന്‍റെ  
ആരംഭമാണെന്നും
എഴുതി നിര്‍ത്തണം .

Thursday, February 7, 2013

കാറ്റ്


കാറ്റിനായി മാത്രം തുറക്കുന്ന 
ജാലക പാളിയരുകില്‍
കാത്തിരിപ്പുണ്ടൊരാള്‍
ഉഷ്ണിച്ചു വിയര്‍ത്ത്.

പുറത്ത്;
മുളംകുട്ടങ്ങളെ
തമ്മില്‍ തല്ലിച്ചും,
മാമ്പഴം പൊഴിച്ചും 
പൂക്കളെയും ,പൂമ്പാറ്റകളെയും 
ഇക്കിളിയിട്ടും  എത്തുന്ന 
കുസൃതി കാറ്റല്ല.

നോക്കെത്താദൂരം 
മണല്‍ പറത്തി
ചൂളം വിളിച്ചെത്തുന്ന
എണ്ണ മണമുള്ള ,
അധികാരഭാവമുള്ള -
കാറ്റ്.