Thursday, March 28, 2013

അവർ വിപ്ലവം സൃഷ്ടിക്കുന്നത്


രാത്രികളിൽ അവർ
തീചൂളയ്ക്കു ചുറ്റും
ഉന്മാദനൃത്തം ചവുട്ടി
സിരകളിൽ ജ്വലിച്ച
ലഹരിയുടെ നിറവിൽ
ലോകത്തെ കീറിമുറിച്ചു.

ആഗോളവത്കരണവും
സാമ്രാജ്യത്ത ശക്തികളും
കാലാവസ്ഥ വ്യതിയാനവും
മേശമേൽ നിരന്നുകിടന്നു.

ഇടതു -വലതു
രാഷ്ട്രീയ സംഹിതകളുടെ
മൂല്യച്ച്യുതികളെ
ചേരിതിരിഞ്ഞ്
കൂക്കി വിളിച്ചു.

ചുങ്കകാർക്കും വേശ്യകൾക്കുമായി
മുട്ടിന്മേൽ നിന്ന്
പശ്ചാത്തപിച്ചു
മത ചൂഷണങ്ങളെ 
ചോദ്യം ചെയ്തു
ചലച്ചിത്രങ്ങളും ,പത്രത്താളുകളും 
കൊറിച്ചിറക്കി .  

#...............#-------------------#.............#-------------------#

തലേ  രാത്രിയുടെ
ഉപോല്പ്പന്നങ്ങളായ
ചർദ്ധിൽ  അവശിഷ്ടങ്ങളും
പാതി വെന്ത സിഗരറ്റുകളും
മാംസം നഷ്ടമായ
എല്ലിൻ കഷണങ്ങളും ;
ജലോപരിതലത്തിൽ
ചിതറി കിടക്കുന്ന
ഭൂഖണ്ടങ്ങളെപ്പോലെ
ചുറ്റിത്തിരിയാൻ തുടങ്ങി .

പകൽ എരിഞ്ഞപ്പോൾ
നെറ്റിതടത്തിൽ
വിയർപ്പു നിറയുന്നതും
മരുഭൂമി ഊർവരമാകുന്നതും
ചില മുഖങ്ങളിൽ
ചിരി പടരുന്നതും
സ്വപ്നം കണ്ടു .

3 comments:

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

എന്തോ വായിച്ചിട്ടൊരു വല്ലായ്ക...കവിത നല്കുന്ന അസ്വസ്ഥത,,നന്നായി

ajith said... Best Blogger TipsReply itBest Blogger Templates

വിപ്ലവം തോക്കിന്‍ കുഴലിലൂടെയല്ലെന്ന്....

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

പ്രവാസ വിപ്ലവം..

നല്ല കവിത. 

ശുഭശംസകൾ..