Wednesday, January 22, 2014

നോട്ടുകളുടെ മണം

ഹരിപ്പാട്‌ നിന്നും
മാവേലിക്കരയ്ക്കുള്ള ബസ്സിന്‍റെ
പിന്നിലൊരു സീറ്റിലാണ്‌  ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും 
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു

കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.

മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്‍റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .

ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്‍റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു  ചാരായത്തിന്‍റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.

ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്‍റെ മണം

ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്‍റെ
വീറും വാശിയും .

മാവേലിക്കര
ബസ്സ്‌ സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്‍റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്‍റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി
നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .

7 comments:

ajith said... Best Blogger TipsReply itBest Blogger Templates

വെറുതെയല്ല ചക്രമെന്ന വിളിപ്പേര്!!!

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

കൈയ്യിൽ കിട്ടിയാൽ ,എത്ര വൃത്തികെട്ട മണമാണേലും മനുഷ്യൻ ഉപേക്ഷിക്കാത്ത സാധനം നോട്ടാണെന്നു തോന്നുന്നു.

വളരെ നല്ല കവിത

ശുഭാശംസകൾ....

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

Chilarayilla balance tharan

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

നോട്ടിലേയ്ക്ക് ഒരു എത്തിനോട്ടം അത് ചില്ലറ ആയില്ല വളരെ നന്നായി

pavamrohu said... Best Blogger TipsReply itBest Blogger Templates

കൊള്ളാമല്ലോ ഈ നോട്ടിന്റെ മണം

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....

Pinnilavu said... Best Blogger TipsReply itBest Blogger Templates

ഇനിയിപ്പോള്‍ നോട്ടുകള്‍ ആവശ്യമില്ലാത്ത കാലമായിരിക്കുന്നു.