ഈ ഇടനാഴിയിലെ
നേർത്ത വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു
തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .
ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു പെണ്‍കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.
മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.
ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .
കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .
7 comments:
ശരീരം കീറിമുറിക്കുന്ന കത്തിപോലെ വല്ലാത്ത മൂര്‍ച്ചയുള്ള ഒരു കവിത
വേദനകള്‍ മാത്രം
ഇറക്കിക്കിടത്തിയ ജീവിതങ്ങള്‍
പറന്നൂ പൂങ്കുയിൽ;
വിമൂകം വിൺവഴിയിൽ...
റിനു ഭായ്...
ശുഭാശംസകൾ....
വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി ..
നാട്ടിൽ അയൽ വീട്ടിലെ പെണ്‍കുട്ടി പരിക്ഷയ്ക്ക് പോകാൻ റെഡി ആയി നിൽക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുന്നു ,നാല് ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ മരണ വാർത്ത കേട്ടപ്പോൾ ദൂരെയാണെങ്കിലും ആ വേദനകൾ അടുത്തറിയുന്നു........
നമ്മുടെ നിസ്സഹായതയുടെ പരിപ്രേക്ഷ്യം.ആശംസകള്‍ !!
വായിച്ചപ്പോള്‍ ഉള്ളിലൊരു നീറ്റലായി....
നന്നായി എഴുതി
ആശംസകള്‍
Post a Comment