നീണ്ടും കുറുകിയും
നിറമുള്ളതും നിറമറ്റതും
അലങ്കാരങ്ങളോടെയും അല്ലാതെയും
കാഴ്ച്ച യെത്തുന്നിടത്തെല്ലാം കുരിശുകൾ;
സന്ധ്യയോടൊപ്പം വളരുന്ന
എന്റെ ഏകാന്തതയിലേക്ക്
അവ അങ്ങനെ തലനീട്ടി നില്ക്കുന്നു
ജനനദിവസംതന്നെ എത്തിച്ചേർന്നവർ,
ജീവിതത്തിന്റെ രഥചക്രത്തിലൂടെ
സുഖ-ദുഖങ്ങളുടെ ശതകം കടന്നവർ,
പ്രതീക്ഷകളുടെ ഇടവഴിയിൽ
അപ്രതീക്ഷിതമായ് ഇടറിവീണവർ
കുടുംബമായ് ഒരുമിച്ചെത്തിയവർ .
അനാഥമായ് കാടുകയറിയ -
കൽക്കെട്ടുകൾ
ജീവിതം
ഒറ്റവരിയിൽ രേഖപ്പെടുത്തിയ
തിളങ്ങുന്ന മാർബിൾ ഫലകങ്ങൾ
പുത്തൻ അതിഥിക്കായ്
കാത്തിരിക്കുന്ന നീളൻ കുഴി;
കാഴ്ച്ചകളുടെ നിശബ്ദതയ്ക്ക് നടുവിൽ
ഒരുപിടി പൂക്കളുമായ് ഞാനും
അതിരിൽ വിടരുന്ന
കുഞ്ഞുപ്പൂക്കളിലേക്ക് പാറുന്ന
മഞ്ഞനിറമുള്ള പൂമ്പാറ്റയിലേക്ക്
എന്റെ കണ്ണുകൾ ചായുന്നു
തിളക്കമറ്റ പൂക്കളിലേക്ക്
ഉരുകിച്ചേരുന്ന മെഴുകുതിരിയുടെ
ഈ കുഞ്ഞിവെട്ടത്തിലും
8 comments:
നിശബ്ദതയിലും ശബ്ദമുള്ള കവിത
ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചു വരികളിലൂടെ.... അവസാനഭാഗമേറെയിഷ്ടമായി. മരണത്തിന്റെ നിശ്ശബ്ദ്ദഭൂമികയിലും, ശുഭസീമകളിലേക്ക് മനസ്സിനെയാനയിക്കുന്ന... പ്രത്യാശയുടെ കുഞ്ഞുചിറകുകൾ നീർത്തിപ്പറക്കുന്ന മഞ്ഞശലഭം..!! ഒരിക്കൽ ചിറകുകൾ കൊഴിയും. തളർന്നു വീഴും. എങ്കിലുമതിന്റെ കണ്ണില്‍പ്പെടുന്നത് പ്രതീക്ഷയുടെ വർണ്ണോദയങ്ങൾ തന്നെ. അതു ശവപ്പറമ്പിലായാലും..! ഈ സന്ദേശം തന്നെ ഈ കവിതയുടെ ഭംഗിയും, പ്രസക്തിയും. വളരെയിഷ്ടമായി റിനു ഭായ്.
ശുഭാശംസകൾ......
ഒരുപിടി പൂക്കളുമായി ഞാനുമുണ്ട്
ഒരുപിടി പൂക്കളുമായ് ഞാനും.............
നല്ല വരികള്‍!!
വളരെ നല്ല കവിത.!!
ഒരു ശ്മശാനത്തെപ്പറ്റി ഇങ്ങനെയുമെഴുതാമോ...???
മനോഹരമായിരിക്കുന്നു.!!
സുഹൃത്തുക്കളെ .. ഗുരുസ്ഥാനീയരെ.. എല്ലാവരോടും നന്ദി
നന്നായി , നല്ല കവിത..!
Post a Comment