Friday, October 12, 2012



അശാന്തിയുടെ തീരങ്ങളില്‍
വേദനതിന്നു വിശപ്പടക്കി
കരളില്‍ വീണ കുഴിബോംബു കൊണ്ട്
കളിപ്പാട്ടമുണ്ടാക്കി കളിക്കുന്നു
കുറെ കുരുന്നുകള്‍.
കാല്‍ അറ്റും,കയ്യുടഞ്ഞും,
നോസ്സുപിടിച്ച അമ്മയുടെ
ചിരിയില്‍ അലിഞ്ഞവര്‍
ആടുമ്പോള്‍
പിറന്ന മണ്ണിന്റെ
ആകാശ കാഴ്ച്ചകളില്‍
വിഷപ്പുക തൂവുന്ന
ചിന്തകളില്‍
വീണ്ടും ഉയരുന്നു
കാഹളങ്ങള്‍ .
 (പ്രേരണ :"Turtles can Fly")

 മൂകന്‍

ഞാന്‍ ജീവിച്ചിരിക്കുന്നു
ഓരോ അണുവിലും,
രക്തം ഉറയാതെ
ധമനികളില്‍ തണുപ്പ്
കയറാതെ
പുതിയ പ്രഭാതത്തിന്റെ
കാഴ്ച്ചകളില്‍ അഗ്നി പടരുമ്പോള്‍
മൂകനായി ഞാനിരിക്കുന്നു
നഷ്ടപെട്ട എന്റെ ശബ്ദത്തിന്റെ
ഉറവു പൊട്ടുന്നതും  കാത്തു .

Thursday, October 11, 2012



എഴുതിതീര്‍ക്കണം  എനിക്കെന്‍റെ
ആത്മാവിന്‍റെ നോവുകള്‍
ഒരു കീറുകടലാസ്സില്‍
കറുത്ത മഷിചാലിച്ച് 

ചിരിച്ചുതീര്‍ക്കണം എനിക്കെന്‍റെ
ജീവിത കാഴ്ച്ചകള്‍
 വേദനകളില്‍ അലിഞ്ഞു
കാമ്പുള്ളൊരു  കവിതപോല്‍

Monday, October 8, 2012



ഞാനൊരു നിശാചരന്‍




നിന്‍റെ താഴ്വാരങ്ങളില്‍
പൂക്കുന്ന നിശാഗന്ധിയാണ്  ഞാന്‍,
നിന്‍റെ ചുണ്ടില്‍ നിറയുന്ന
കാട്ടുതേനാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കയ്യിലെ
പൂമ്പാറ്റയാണ്  ഞാന്‍,
നിന്‍റെ മാനത്തു നിറയുന്ന
മഴവില്ലാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ കൊലുസിന്‍റെ
കൊഞ്ചലാണ് ഞാന്‍, 
നിന്‍റെ നിശ്വാസങ്ങളുടെ   
താളമാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ നിദ്രയുടെ
ആഴമറിയുന്നവന്‍  ഞാന്‍,
നിന്‍റെ കിനാവിലെ
പുതുമഴയാണ് ഞാന്‍.
ഞാനൊരു നിശാചരന്‍.

നിന്‍റെ ഏകാന്ത യാമങ്ങളില്‍
നിന്നിലലിയുന്നവന്‍ ഞാന്‍,
ഞാനൊരു ഗന്ധര്‍വ്വന്‍ .

Thursday, October 4, 2012

പീടനപര്‍വ്വം   

     
കറുത്ത കാലുകളില്‍
കൊലുസുകള്‍ പിണങ്ങി   കിടക്കുന്നു
തുടുത്ത ചുണ്ടുകളില്‍
ചോരച്ചുവപ്പ് പടര്‍ന്നിരിക്കുന്നു
അഴിഞ്ഞ  ചേലയുടെ
 മുഷിഞ്ഞ നാറ്റം
കാതുകളിലുയരുന്ന
കുളബ്ബടി ശബ്ദം
നഖമുന  കോറിയ
നീറുന്ന ചിത്രപണികള്‍
സിരകളില്‍ ആര്‍ത്തുപൊങ്ങിയ
പ്രളയ ജലത്തില്‍,
മുങ്ങിതാഴ്ന്നൊരു
ശബ്ദകണങ്ങള്‍.

Wednesday, October 3, 2012

മരണാനന്തരം

നിലവിളക്കിന്‍റെ തിരി
നീട്ടിതെളിച്ച്-
നടുതിണ്ണയില്‍ വെച്ചിരിക്കുന്നു
അരികിലായി
വെള്ള പുതച്ചൊരു
നീണ്ട പൊതിയും.

കുട്ടികൂറ പൌടറും
 അറേബ്യന്‍ അത്തറും
മണപ്പിച്ച ദേഹം  
നാറാതിരിക്കാന്‍
സാമ്പ്രാണികള്‍ തല
പുകയ്ക്കുന്നു.

അലറിവിളിച്ചു കരയുവാന്‍
ചുറ്റിലും കുറെ ആളുകള്‍;
ഇന്നലെ വഴിയ്ക്കുവെച്ചു
പള്ള് പറഞ്ഞവനും
ആ കൂട്ടത്തിലിരിക്കുന്നു.


തൊടിയിലെ മാവില്‍നിന്നൊരു
കിളി പറന്നകന്നു
ആത്മാവിനു
കൂടൊരുക്കാന്‍
തെക്കേ വളപ്പിലൊരു
തെങ്ങിന്‍  തൈ
കുഴി മാന്തി പുറത്തിരിക്കുന്നു .

എള്ളും ,പൂവും
കറുകയും ചേര്‍ത്തുള്ള
കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങണം
നിളയുടെ ഓളങ്ങളില്‍
നിറഞ്ഞ് ഒഴുകണം
ഒടുവിലൊരു താരകമായി
കണ്ചിമിഴ്ക്കണം .





Monday, October 1, 2012

 കണ്ണട വെച്ച സത്യം

കണ്ണട വെച്ച സത്യത്തെ
ഒരു കീറു കടലാസിലാക്കി-
നിറമുള്ള മഷി പുരട്ടി
നമ്മള്‍ വറുത്തെടുത്തു.

കണ്ണുമൂടിയ ദേവതയെ
ചാരെ നിറുത്തി
ചിലരത്തില്‍ പൂജ്യങ്ങള്‍
ചേര്‍ത്തെടുത്തു .



ശിഷ്യരായി  ചിലര്‍
വേഷം കെട്ടി ,
സത്യാഗ്രഹത്തില്‍ ആഗ്രഹം
വാര്‍ത്തെടുത്തു .


ഊന്നുവടിയുന്നി കരയുന്നു
ആ വൃദ്ധന്‍,
ഊര്‍ന്നുപോയ തന്‍റെ
സ്വപ്നങ്ങള്‍ ഓര്‍ത്ത്.



സത്യം ഏതെന്നറിയാതെ;
ഉറക്കം ഉണരാതെ
ഒരു ജനതയും
കണ്ണടച്ചിരിക്കുന്നു.






Wednesday, September 26, 2012

 ഗ്രാമം നഗരം ആകുമ്പോള്‍

ഇന്നലകളില്‍ ആരോ
കളിയാക്കി വിളിച്ചപോല്‍
ഇന്നുമീ  നഗരത്തിനു പേര്‍
"ആലിന്‍ ചുവട്"
ഇല്ലൊരു ആലില  പോലും
ഈ വഴിക്കെന്ക്കിലും
ഇന്നും നാട്ടാര്‍ മൊഴിയുന്നു
നിന്റെ നാമധേയം

കാലങ്ങള്‍ക്ക് മുമ്പേ
ഈ വീഥി ശകടങ്ങളാല്‍
 നിറയും മുമ്പേ ,
നീയിവിടെ തലയുയാര്‍ത്തി
നിന്നിരിക്കാം.
ഋതുഭേധങ്ങളില്‍ ഇലപോഴിച്ചും
തളിരിലകളാല്‍ മിഴി നിറച്ചും,
ചിരി കലഹങ്ങളുടെ
ജീവിതപ്പെരുമഴയ്ക്കു
കുടപിടിച്ചും
ഈ ഓരത്ത് വിരാചിച്ചിരിക്കാം.

ബോധി വൃക്ഷച്ചുവട്ടില്‍ ഇരുന്നിട്ടും
ബോധം നശിച്ച
വികസന പെരുവളാലോ;
വര്‍ഷകാല ദൂതുമായി
വന്ന ചുഴലിയിലോ
നീ കളം ഒഴിഞ്ഞത് ?

ചിറകുകള്‍ വീശിപ്പറക്കാന്‍
ആകാശമുള്ള പുതിയ മനുഷന്
ഇനി നിന്റെ തണലെന്തിന്.
ഒരുവേള ,ചില വേനലുകള്‍
കഴിയുമ്പോള്‍.
നീ ഈ വീഥിക്കരുളിയ
പേരും അവന്‍ മായിചേക്കാം 




പ്രണയം ചാലിച്ച വരികളാല്‍
നിന്നെ ഞാന്‍ പകര്‍ത്തുമ്പോള്‍
പുസ്തക താളുകളില്‍
മഷിപൊട്ടു   പടരുന്നു.

ഒരു പകലില്‍,നിനയാതെ
എന്‍റെ കൈപിടിച്ചു വന്നു നീ,
മരുഭൂവിന്റ്റെ  ഉര്‍വരതയില്‍
മഴ പോല്‍  പെയ്തിറങ്ങി.
വര്‍ഷവും ,വസന്തവും
എത്ര നാം കടന്നു പോയി
ഋതുഭേദങ്ങള്‍ ചുറ്റും
 ചിരിച്ചു  നിന്നു.

പൊട്ടുപോല്‍ പടര്‍ന്നതെന്റ്റെ
അശ്രുക്കള്‍ ആണെന്നു നീ
തിരിച്ചറിഞ്ഞോ സഖി ?
നിന്‍റെ ഓര്‍മ്മയില്‍ ഉരുകിയ 
മെഴുകു നാളം
കണ്ടുവോ?

ഇളം വെയിലു വീണോരി-
കല്ലറ വളപ്പില്‍
തളിര്‍ വിരിഞ്ഞ പൂച്ചെടികള്‍
നിനക്കു തണലേകുന്നു.

മുട്ടുകുത്തി ഞാന്‍
നിനക്കേകട്ടെ, കണ്ണീരു
കൊരുത്തൊരു മുത്തുമാല.

Tuesday, April 3, 2012

"വെള്ളി"യാഴ്ച്ച



പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും വലതുമായി
നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ജ്ഞായവിധികള്‍ ഇന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.