Sunday, September 28, 2014

ജീവിതം സ്വപ്നം കാണുന്നു



അടക്കിവെച്ച നിറങ്ങൾ
അതിരുകൾ തോറും
തൂവിവിടർന്ന
ഈസ്റ്റർ ലില്ലികൾ

അട്ടിയടുക്കിയ
വൈക്കോൽ തിട്ടയിൽ
കുത്തിമറിയുന്ന
മഞ്ഞ വെയിൽ ചീളുകൾ
 
കാലാ പെറുക്കി
കൂടണയുവാൻ
തിരക്കിട്ട് പോകും
വയൽക്കിളികൂട്ടം


നോക്കെത്താ ദൂരം
വയലിന്റെ അനന്തതയിൽ നിന്നും
ആർത്തലച്ചെത്തുന്ന
മഴയാരവം

ഫ്ലാറ്റുമുറിയിലെ
ജനലരുകിലിരുന്നു
ജീവിതം സ്വപ്നം കാണുന്നു

Tuesday, September 23, 2014

ഉത്സവരാത്രി -ഒരു പൊട്ട കവിത


തെക്കേതിലെ
ശാന്തേച്ചിയുടെ   കെട്ടിയോൻ 
കൂടണഞ്ഞാൽ
ചട്ടിയും കുട്ടിയും
തട്ടിമുട്ടുന്ന താളത്തിൽ
തെറിപ്പാട്ട് കേൾക്കാം

അന്തികള്ള്  മണക്കുന്ന  
ഇടവഴിയിലൂടെ 
ഷാപ്പിലെ പൂച്ച
പാഞ്ഞു
പോകും

ശാന്തേച്ചിയുടെ കുഞ്ഞുമോൻ
ഉറക്കം ഞെട്ടി
നിലവിളിക്കുന്ന ഒച്ച
കാതിലങ്ങനെ
മുഴങ്ങി നിൽക്കും

വയലിനക്കരെ
ദേവി ക്ഷേത്രത്തിലെ
ഉത്സവ വെടിക്കെട്ടിന്റെ ശബ്ദം
കുറച്ചു നേരത്തേക്ക്
മാറി നിൽക്കും
വർണ്ണങ്ങൾ മാത്രം
പൊട്ടിവിടരും

അവസാന
രംഗവും കഴിഞ്ഞ്
യവനിക താഴ്ന്ന
നാടക മൈതാനിയിൽ നിന്നും
ആളുകൾ
പിരിഞ്ഞു പോകും

പിറ്റേന്ന്
പണിക്കു പോകുന്ന
കെട്ടിയോനെ നോക്കി
ശാന്തേച്ചിയും,കുഞ്ഞും
ചിരിച്ചു കൈയ്യാട്ടും

പൊട്ടിയ
ചട്ടിയിലന്നേരം
ഉറുമ്പുകൾ
ഉത്സവം ആഘോഷിക്കുകയാവും

Sunday, September 21, 2014

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി

അവൾ
റോസലീന
നിറങ്ങൾ
ഇഷ്ടമല്ലാതിരുന്ന പെണ്‍കുട്ടി
എത്ര വേഗമാണവൾ 
മാറിത്തുടങ്ങിയത്

ഇടതൂർന്ന
നീളൻ മുടി വടിച്ചിറക്കിയ
അന്നുമുതലാണവൾ
സ്കാർഫ്
ധരിക്കുവാൻ തുടങ്ങിയത്
അല്ലെങ്കിൽ
അന്ന് മുതലാണവൾ
നിറങ്ങളെ
പ്രണയിച്ചു  തുടങ്ങിയത്

എണ്ണപ്പെട്ട
അവളുടെ പകലുകളിലേക്ക്
പലനിറങ്ങളിലുള്ള
സ്കാർഫുകൾ
വിരുന്നു വന്നു

തൂവെള്ളയിൽ
നീലപൂക്കളുള്ളവ,
മഞ്ഞയും, ചുവപ്പും
പച്ചയും ,വയലറ്റും
ഇടകലർന്നവ
നക്ഷത്രങ്ങളും ,നിലാവും
വരച്ചവ
ചേക്കേറാൻ പോകുന്ന
പക്ഷികളെ
സായാഹ്ന സൂര്യന്റെ
പശ്ചാത്തലത്തിൽ വരച്ചവ
ഒറ്റയൊറ്റ
നിറങ്ങളിൽ ഉള്ളവ
അങ്ങനെ എത്ര എത്ര
സ്കാർഫുകൾ

വസന്തം വരയ്ക്കുന്ന
അജ്ഞാത ചിത്രകാരന്റെ
പാലറ്റിലെ
പടർന്ന ച്ഛായക്കൂട്ടുപോലെ
നിറങ്ങൾ
അവൾക്കുച്ചുറ്റും
നൃത്തം വെച്ചു നിന്നു

നിറയെ
ചിത്ര ങ്ങളുള്ള
പുത്തൻ സ്കാർഫു ചൂടി
നമ്മൾക്കിടയിലൂടെ
അതാ അവൾ;
റോസലീന
പറന്നു പോകുന്നു

Thursday, September 18, 2014

നാടുകാണാനിറങ്ങിയ പ്രവാസി

തിരികെ ഞാനെത്തുന്നു 
ഈ ഹരിത ഭൂവിന്റെ
സ്വച്ഛതയിൽ അല്പനാൾ
തലചായ്ച്ചുറങ്ങാൻ 
മണലാഴങ്ങൾ
ഉള്ളിലേൽപ്പിച്ചോരാ
മുറിവൊന്നാറ്റുവാൻ

കളിച്ചുവളർന്നോരാ
തെരുവിലൂടെ ഞാൻ
പുലരികാണാനിറങ്ങുന്നു;
നാട്ടുവഴിക്കോണുകൾ 
തിരികെ തിരികെ  നോക്കുന്നു
അപരിചിതനെ പോലെ ഞാൻ

നാടുണർത്തുന്നോരാ
കിളിക്കൂട്ടമെങ്ങുപോയ്‌
ചിലു ചിലെ 
ചിലെച്ചു ചാടുന്നോരാ 
അണ്ണാൻ കുഞ്ഞുങ്ങളെങ്ങുപോയ്
ശീമക്കൊന്നയും,ചെമ്പരത്തിയും 
ചിരിച്ചുനിന്നൊരാ
സ്നേഹവേലികളെങ്ങുപോയ്
അമ്പല പറമ്പോരത്തെ
നിറഞ്ഞ  കുളമെങ്ങുപോയ്
മനസ്സിൽ ഞാൻ 
ചേർത്തുവെച്ചോരാ   
മഞ്ചാടി  മണികളെങ്ങുപോയ്

വയൽ നടുവിൽ
പുല്ലുമൂടിക്കിടന്നോരാ 
വരമ്പിന്നങ്ങു  വലുതായ്
രണ്ടുവരിപ്പാതയായ്
അപ്പുറമിപ്പുറം 
ഭാഗിച്ചെടുത്തോരാ
തോടിന്നു മെലിഞ്ഞുമലിനമായ് 
ഞാറ്റുവേല 
പാട്ടുകൾ  ഓർമ്മയായ്
കാട്ടു മുളംതണ്ടും
കുളക്കോഴി  മൂളും 
കുഞ്ഞരുവികളും
കൊയ്ത്തരിവാളുപോലെ
തുരുമ്പിച്ചുപോയ്‌ 

തിരികെ ഞാൻ  മടങ്ങുന്നു 
ഉരുകി  ഒലിക്കുന്നൊരീ
ചില്ലയിൽ  നിന്നന്യനായ്
പ്രവാസിയായ്   

Thursday, September 11, 2014

തെരുവ് യാചകൻ


ചിരിക്കുവാൻ മറന്ന മുഖം
ചൂടേറ്റു പൊള്ളിയ
കറുത്ത വടുക്കൾ
അവിടെയും ഇവിടെയും
കീറലുകൾ തുന്നികെട്ടിയ
നരച്ച കുപ്പായം
അഴുക്ക് മെഴുക്കുപോലെ
മൂടികെട്ടിയ തലമുടി
ഒരു കീറത്തുണിയുടെ
കെട്ടിനുള്ളിലൊതുങ്ങുന്ന
ജീവിത സാമാനങ്ങൾ

മനുഷ്യ സ്നേഹത്തിന്റേയും
പരസ്പര സഹായത്തിന്റെയും
ആദ്ധ്യാത്മിക മുല്യങ്ങൾ
കുറിപ്പെഴുതിവെച്ച
കടലാസ് നോക്കി
ഘോര ഘോരം പ്രസംഗിക്കുന്ന
മതസൗഹാർദ്ധ 
വേദിയുടെ മുന്നിലൂടെ
പള്ള് പറഞ്ഞുകൊണ്ട്
വേച്ചു-വേച്ചു നീങ്ങുന്നു
ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിലെ
സ്ഥിരം തണൽ നഷ്ടപ്പെട്ട
തെരുവ് യാചകൻ



Monday, August 25, 2014

രൂപാന്തരം

എന്തെല്ലാം രൂപങ്ങളാണി -
മഴയ്ക്കോരോ കാഴ്ച്ചയിലും

ഇരപിടിക്കാൻ
ചിലന്തി കൊരുത്തോരാവലയിൽ
മഴവില്ലു തെളിയിച്ച
പുലരിയാണവൾ 

വിരല്തുമ്പുതൊട്ടു
ഞാൻ നുണഞ്ഞൊരു
ഇറയത്തുമ്പിലെ  
തണുവാണവൾ 

തള്ളപ്രാവിൻ
ചിറകിൽനിന്നിറ്റും
തുള്ളികളായവൾ
പള്ളിമേടയിൽ

ഉച്ചയൂണിൻ 
ഗന്ധം മണക്കുന്ന
പീടികയുള്ളുനോക്കി
വിറച്ചിരിക്കുന്നൊരു 
ഭിക്ഷാടകയാണവൾ 

പുത്തനുടുപ്പിൽ
ചള്ള തെറിപ്പിച്ചെത്തും
നാലുമണിപ്പകലിലെ
നാട്ടിടവഴിയാണവൾ 

പൊട്ടിയ
ഓടിൻ കീഴിലെ
പിച്ചള പാത്രത്തിൽ
തോരാത്ത സംഗീതമാണവൾ 

തിരക്കിട്ടൊഴുകും
പുഴമാറിലേക്ക്
കൈവിട്ടുപോയ
ഏതോ  കുരുന്നിൻ
കളിപ്പാവയാണവൾ  

മരുഭൂരാവുനോക്കി
ജനലരികിൽ
കിടന്നോരെന്റെയുള്ളിൽ
തുളുമ്പിയ
സ്വപ്നസ്വരമാണവൾ

Friday, July 18, 2014

സന്ധ്യ പൂക്കുന്ന തെരുവ്

ഈ തെരുവിൽ
സന്ധ്യ പൂക്കുന്നു
ചെക്കേറാനൊരു കിളി
ചില്ല തെണ്ടുന്നു

പഴം കടലാസ്സിൽ
പൊതിഞ്ഞെടുത്ത
വറുത്ത കടല
കൊറിച്ചുതീരുവോളമാപൂച്ച
നിന്നെ  നോക്കിനിൽക്കുന്നു
നിന്റെ കണ്ണിലൊരു
വിശപ്പുമൂത്ത
രാത്രി  പതുങ്ങുന്നു

കടകളടച്ചുപൂട്ടി
തെരുവ് വിജനമാകുന്നു
നിന്റെ മുടിയിലൊരു
മുല്ല പൂക്കുന്നു
കാവ് തീണ്ടിയൊരു
മൂർഖനിഴയുന്നു

തെരുവിലങ്ങിങ്ങ്
ചാവാലിപ്പട്ടികൾ മോങ്ങുന്നു
മങ്ങി മങ്ങി
കത്തിയോരാ വിളക്കണയുന്നു
രാത്രി
തേങ്ങി തേങ്ങി കരയുന്നു

Wednesday, July 16, 2014

പിന്നിലേക്കൊരു മഴ

കണങ്കാൽ നനച്ചൊരീ
മഴ ലഹരിയിൽ
പിന്നിലെക്കൊഴുകുന്നു കാലം

പ്രളയം പോൽ
പരക്കും ഓർമ്മകളിൽ
വന്നു നിറയും
പൂർവ്വ പ്രണയത്തിൻ സുഗന്ധം

നിറമാർന്ന പകലിലാ
തണൽ നിഴലിൽ
പങ്കുവെച്ച മൌനം

കഥ പറയും  മഷികറുപ്പിൽ
ഒളിച്ചു ചേർത്ത
വാകപ്പൂ നിറം

ചാരത്തിരുന്നു നാം
കോർത്തുവെച്ചൊരു
കിനാവിന്റെ
പീലിതുണ്ടുകൾ 

ഇറ്റു  വീണൊരു
തണുവിന്റെ തുള്ളിയിൽ
ആകെ ലജ്ജയിൽ
കുതിർന്ന ദേഹം

ചൂളംവിളിച്ചെത്തിയ
കാറ്റിന്റെ ചുഴിയിൽ
ദൂരേയ്ക്കകന്നൊരു
സ്വപ്നമായ്  നമ്മൾ 

നേർത്തു നേർത്തു പോകുമീ
രാമഴയുടെ കവിളിൽ
പരസ്പരം ചാർത്തുന്നൊരു
നുണച്ചിരിയുടെ
ആവരണം



Tuesday, July 15, 2014

ഈ രാവ്
ഉലഞ്ഞ് ഉലഞ്ഞ് തീരവെ
മണ്ണ് പറ്റുവാൻ
കാത്തിരുന്നോരാ
മലർ ദലങ്ങളിൽ
മഴയാർത്തു പെയ്യവെ
ചേർത്തടച്ചോരി  ജാലകത്തിന്റെ
ചാരത്ത് ഞാൻ
വിരൽത്തുമ്പ് ചേർത്ത്
വിരഹമെഴുതുന്നു 

Tuesday, May 20, 2014

ആദിയിലേക്കൊരു മടക്കയാത്ര


ഈ മലമുകളിലെ
ഒറ്റ മരത്തിന്‍റെ
ഇലനിഴലുകൾക്കിടയിലെ-
വെയിൽതുണ്ടുകളിൽ
ഞാൻ മയങ്ങികിടക്കുന്നു.
മാരുതന്‍റെ വിരലുകൾ
എന്നെ തലോടി നോക്കുന്നു
നേർത്തു- നേർത്തു-
വെട്ടം മങ്ങുന്നു

വെയിലൊഴിഞ്ഞൊരാ വഴിയിലേക്ക്
തണുപ്പ് മെല്ലെ ചേക്കേറുന്നു
ഞാനും തണുത്തുറയുന്നു
ഉറഞ്ഞു ഉറഞ്ഞു -
ഞാൻ മഞ്ഞാകുന്നു,ഇരുളാകുന്നു
ഇരുളു പിടിച്ചു ഞാൻ
ആദിയിലേക്ക് മടങ്ങുന്നു

ഏകാന്തത നിറയുന്നു
ഞാൻ പിന്നിലേക്ക്‌ നടക്കുന്നു
ചുറ്റും ശബ്ദവീചികൾ നിറയുന്നു
ജീവിതം എണ്ണി പഠിയ്ക്കുന്നു 
നിഴളുകളെന്നു തോന്നും
നിറങ്ങളെന്നെ പറ്റിപിടിയ്ക്കുന്നു
 ഞാൻ ചിറകടിച്ചു  പറക്കുന്നു
പിന്നിലേക്ക്‌ പറക്കുന്നു

തഴമ്പ് വീണ
വിരലുപിടിച്ചു ഞാൻ
പിച്ചവെയ്ക്കുന്നു
മെല്ലെ മടിത്തട്ടിൽ കിടക്കുന്നു
വിരലുകളുണ്ണുന്നു 
മുലയുണ്ണുന്നു 
ഇരുളു കനക്കുന്നു
ഞാൻ അതിനുള്ളിലാകുന്നു
വെറും തുടിപ്പാകുന്നു
തുള്ളി രക്തമാകുന്നു
ഞാൻ ഇരുളാകുന്നു
.....................................
എന്തെന്നറിയാത്തൊരു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു