രാത്രികളിൽ അവർ
തീചൂളയ്ക്കു ചുറ്റും
ഉന്മാദനൃത്തം ചവുട്ടി
സിരകളിൽ ജ്വലിച്ച
ലഹരിയുടെ നിറവിൽ
ലോകത്തെ കീറിമുറിച്ചു.
ആഗോളവത്കരണവും
സാമ്രാജ്യത്ത ശക്തികളും
കാലാവസ്ഥ വ്യതിയാനവും
മേശമേൽ നിരന്നുകിടന്നു.
ഇടതു -വലതു
രാഷ്ട്രീയ സംഹിതകളുടെ
മൂല്യച്ച്യുതികളെ
ചേരിതിരിഞ്ഞ്
കൂക്കി വിളിച്ചു.
ചുങ്കകാർക്കും വേശ്യകൾക്കുമായി
മുട്ടിന്മേൽ നിന്ന്
പശ്ചാത്തപിച്ചു
മത ചൂഷണങ്ങളെ
ചോദ്യം ചെയ്തു
ചലച്ചിത്രങ്ങളും ,പത്രത്താളുകളും
കൊറിച്ചിറക്കി .
#...............#-------------------#.............#-------------------#
തലേ രാത്രിയുടെ
ഉപോല്പ്പന്നങ്ങളായ
ചർദ്ധിൽ അവശിഷ്ടങ്ങളും
പാതി വെന്ത സിഗരറ്റുകളും
മാംസം നഷ്ടമായ
എല്ലിൻ കഷണങ്ങളും ;
ജലോപരിതലത്തിൽ
ചിതറി കിടക്കുന്ന
ഭൂഖണ്ടങ്ങളെപ്പോലെ
ചുറ്റിത്തിരിയാൻ തുടങ്ങി .
പകൽ എരിഞ്ഞപ്പോൾ
നെറ്റിതടത്തിൽ
വിയർപ്പു നിറയുന്നതും
മരുഭൂമി ഊർവരമാകുന്നതും
ചില മുഖങ്ങളിൽ
ചിരി പടരുന്നതും
സ്വപ്നം കണ്ടു .