നിങ്ങൾ കേട്ടോ കൂട്ടരേ
വർഷ ബിന്ദുയിറ്റാത്ത
ഈ വരണ്ട മണ്ണിൽ
എവിടെ നിന്ന് ;
എവിടെ നിന്നാണീഗാനം ........
മരുഭൂവിലെ ഗായകൻ പാടുന്നു
മഴക്കുളിരില്ലാതെ
തണൽ നിഴലില്ലാതെ
കുയില്പ്പാട്ട് അകമ്പടിയില്ലാതെ
"എന്റെ പൂർവികർ
ഉറച്ച കാലടികളൂന്നീയീ
മരുക്കാട്താണ്ടിക്കടന്നവർ
ഒട്ടക നിഴലുപിടിച്ച്
പൊള്ളുമുച്ചവെയിലിനെ
കാൽക്കീഴിലാക്കിയോർ
ഈന്ത മരച്ചോട്ടിലുറയും
തണുപ്പിനെ
പാട്ടുപാടിയാറ്റിയോർ
മരുക്കാറ്റുമൂളും
കൊടും രാത്രികളിൽ
അപ്രത്യക്ഷരായവർ "
അനന്തതയിൽ നിന്നൊരു പാട്ട്
മരുക്കാറ്റിലലയടിച്ചുയരുന്നു-
അവന്റെ സങ്കീർത്തനം
അവന്റെ പാട്ടിലുണ്ട്
വീരാളിപ്പട്ടുടുത്തവർ,
ചെമ്പൻ കുതിരയെ
കാറ്റിനൊപ്പം പാറിച്ചവർ,
കടലുപോലീ -
മണൽപ്പരപ്പ് വെട്ടിപിടിച്ചവർ,
ആടുമേയിച്ചാ
മരുപ്പച്ച കണ്ടെടുത്തവർ,
ആയിരം കഥകൾ ചൊല്ലി
പണ്ടേ നമ്മളറിഞ്ഞവർ ,
ഒറ്റനോട്ടത്തിലാരും
ഉപ്പുതൂണാകും
അഴകലകൾ
കണ്ണിലോളിപ്പിച്ച
വീരാംഗനമാർ,
ഈ മണലുമടുത്ത്
അടുത്ത മണലുതേടി
അവൻ മറയുന്നു;
ഒറ്റ വിരിപ്പിന്റെ
ഭാരവും പേറി
ഉള്ളു നിറയും
കഥകളും പേറി
അകലേക്ക്... അകലേക്ക്
അകലുമാ പാട്ട് കേട്ടോ
നേർത്ത് നേർത്ത്
പോകുമാ വെട്ടം കണ്ടോ