Monday, November 5, 2012


ഒരു സായഹ്നം 


നടരാജ വിഗ്രഹം കണ്ടു
ഉടലുലഞ്ഞാടുന്ന
കന്യാകുമാരിയുടെ
സായാഹ്ന്ന നൃത്തം

ചടുല വേഗത്തിന്‍റെ
മനസ്സുവീക്കങ്ങള്‍    
ബഷ്പമാക്കുന്ന
കടല്‍ക്കാറ്റിന്‍റെ  മുത്തം

സാഗര പക്ഷികളുടെ
ചിറകടിയില്‍
ഉള്‍ചേരുന്നൊരു
തിരമാലച്ചുരുക്കം .

ആഴിയെ ചുവപ്പിച്ചൊരു
ഊര്‍ജ്ജ പ്രഭതന്‍റെ
നീരാട്ടൊരുക്കങ്ങള്‍ .

നവനീത കിരണങ്ങള്‍
പുല്കിയുണരുമാ -
ഗഗന സീമയില്‍
ചിരിച്ചുണരാന്‍
ഇനിയൊരു
പാതിമയക്കം .

Sunday, November 4, 2012

പണ്ടെന്റെ വീട്ടിലുണ്ടായിരുന്നു
ചുരുണ്ടും, നീണ്ടും
കിടന്നിരുന്നൊരു തഴപ്പായ

കൈതോല മുള്ള് കീറി
ഉണക്കി മെരുക്കി
നാരാണിയമ്മ നെയ്ത
ജാമിതീയ രൂപം

വെന്ത നെല്ലിന്റെ
വേദനകള്‍
നെഞ്ചില്‍ ഏറ്റുവാങ്ങി
പൊരിഞ്ഞ പായ
വിത്തേറ്റി കൊണ്ടെത്ര
തട്ടേറ്റ പായ

ചുരുണ്ട് കൂടുമ്പോള്‍
ഉള്ളിലിരുന്ന ചിരട്ടയോടെ
ഉള്ളറ പരിഭവങ്ങള്‍
പറഞ്ഞ പായ .

കൈതപ്പൂ മണം
മങ്ങിയ
ഇന്നിന്റെ കോലായില്‍
എലികേറി  മാന്തി
പൊളിഞ്ഞ കുടലുനോക്കി
കരയുന്ന  പായ

Saturday, November 3, 2012



കല്ലറകളില്‍ പൂത്തുനില്‍ക്കുന്ന
വെയിലിനു ,എന്തേ ?
ഒരു മഞ്ഞ നിറം

ചുറ്റി കിടക്കുന്ന
ഏകാന്തതയുടെ
മൌനം ഉറഞ്ഞുകൂടിയതോ

പൂക്കളാല്‍ മൂടിയ
ദിനമോര്‍ത്തു
പുഞ്ചിരി തൂകുന്നതോ

പിരിയുമ്പോള്‍
ബാക്കിവെച്ച
കര്‍മ്മ ഫലങ്ങളുടെ
വിഴുപ്പിളകിയതോ.

Friday, November 2, 2012



നഷ്ടപെട്ട സുഹൃത്തിനു

ഓര്‍ക്കുന്നുണ്ട് ഞാന്‍
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍
വേര്‍പിരിഞ്ഞു പോയെക്കിലും .

പണ്ടെത്ര പകലുകളില്‍
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം
ഇരുചക്ര ശകടത്തില്‍
ഇടവഴികള്‍ താണ്ടിയതും.


ചടുല ഭാഷണങ്ങള്‍ക്കിടയില്‍
ചടുപടാ വന്നൊരു
മഴ നമ്മെ പൊതിഞ്ഞതും
അതില്‍ കുതുര്‍ന്നു നീ
ചുണ്ട് കോടി ഇരുന്നതും .

പുച്ചകണ്ണുകള്‍ ഉള്ള
പെണ്‍കുട്ടിയെ നോക്കി
' ങ്ങ്യാവൂ'- 'ങ്ങ്യാവൂ'
കരഞ്ഞു ചിരിച്ചതും .

തിയറിയും പ്രാക്ടിക്കലും
കണ്ടു പേടിച്ചു
സിനിമ ടാകീസില്‍
ഒളിച്ചിരുന്നതും ,
അതുകണ്ടു പിടിച്ചു
നിന്‍റെ അച്ഛന്‍ അന്ന്
ചൂരലുമ്മ തന്നതും .

കടലുകാണാന്‍ പോയന്നു
കടല തിന്നു
കടല്‍ത്തിര എണ്ണിയതും .
മണലു കൂട്ടിയൊരു
മണിമാളിക പണിതതും .

പഫ്സും ,പുത്തനാം
ബര്‍ഗറും നോക്കി
വെള്ളമിറക്കി ഒരു
വട്ടു സോഡാ കുടിച്ചതും
ഇന്നുമോര്‍ക്കുന്നു ഞാന്‍ .

കാവടിയാട്ടം കാണാന്‍
പോയന്നു കാലത്ത്
കട്ട് പെറുക്കിയ
കടലാസു പൂക്കള്‍പോല്‍
തിളങ്ങി നില്‍ക്കുന്നു
ഇന്നുമാ ഓര്‍മ്മകള്‍

എത്ര വട്ടത്തില്‍
ചവുട്ടിയിട്ടും
നീണ്ടു പോകുന്ന
ജീവിതചക്രത്തില്‍
വീണ്ടുമൊരിക്കല്‍
കണ്ടുമുട്ടിയാല്‍
കാര്യം ഒന്നുണ്ടുപറയാന്‍
കരുതി വെയ്ക്കുന്നു .

Wednesday, October 31, 2012


അയലത്ത് നിന്നൊരു
നിലവിളി ഒച്ച
ഓടികിതച്ചു ഞാന്‍
ചെന്നു നോക്കി

അവിടുത്തെ ചേട്ടന്‍റെ,
ഹൃദയത്തിലേക്കുള്ള
തീവണ്ടി പാതയില്‍
മണ്ണിടിച്ചില്‍ .

ചങ്കിടിച്ചും,കാറ്റടിച്ചും
മണ്ണ് മാറ്റുമ്പോള്‍ .

സുനാമി മുന്നറിയിപ്പുമായി
ഒരു വാര്‍ത്താ -
പ്രക്ഷേപണം .

മനസിലെ മഴ






വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലുടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി
പരക്കുന്ന; ഓര്‍മ്മകളുടെ  
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടുങ്ങുന്നു
ശപമോഷത്തിന്‍റെ
കാല്പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .

തണല്‍ ഉരുകുന്ന
വഴിയരുകില്‍
പണ്ടൊരു പുഴയുണ്ടായിരുന്നു.
അല്ല, തെറ്റി പോയി;
നിറഞ്ഞൊഴുകിയ
പുഴയരുകില്‍ പണ്ടൊരു
നാട്ടു വഴിയുണ്ടായിരുന്നു.

പുഴയില്‍ മണല്‍ ഒഴുകി
തെളിനീരു കലങ്ങി ,
പുഴയിലൂടൊരു വഴി ഒഴുകി
വഴി പുഴയെ മറികടന്നു .


ഇടര്‍ന്ന തിട്ടയില്‍
കൈ  ഊന്നി  അവന്‍ പറഞ്ഞു
പണ്ടിവിടെ  പ്രളയം
ഉണ്ടാകുമായിരുന്നെന്ന്‍.. .
അത് കേട്ട് ചിരിച്ചു
വെയിലിനു ഭ്രാന്തെടുത്തു .

Tuesday, October 30, 2012



സഞ്ചാരവീഥികള്‍ 

വാക്കുകള്‍ കൊണ്ടുള്ള വ്യവഹാരത്തില്‍
എനിക്കും നിനക്കും എത്ര അന്തരം
നോക്കു കൊണ്ടുപോലുമുള്ള
നിന്‍റെ സാമിപ്യം
എന്‍റെ ഹൃദയം കുലുക്കുന്നു

നിന്‍റെ വാക്കുകള്‍
തുലാമഴയ്ക്ക്  മുന്നണിയായ
ആകാശ ഭേരികള്‍,
എന്‍റെ വാക്കുകള്‍
സമുദ്രഗര്‍ഭത്തില്‍   മയങ്ങുന്ന
മഴ മുത്തുകള്‍ .

ആകാശ കൂട്ടില്‍ നിന്നും
പിരിഞ്ഞ നമ്മള്‍
ഇരുവഴിയായി സഞ്ചരിച്ചു.
മേടുകളിലെ ഉയര്‍ന്ന
തലപ്പുകളില്‍ നീ മുദ്രയിട്ടു
ഞാന്‍ അടര്‍ന്നുവീണു
വീണ്ടുമൊരു കൂടിനുള്ളില്‍
മയങ്ങി കിടക്കുന്നു.

കാലസാക്ഷിയായി
തിളക്കമോടെ ഞാന്‍ ഉണരും
നിന്‍റെ ഓര്‍മ്മകളില്‍  
കരിഞ്ഞ തിണര്‍പ്പുകള്‍
ഞാന്‍ കാണും .
 

Monday, October 29, 2012

ചിലര്‍ എന്നോട് പറഞ്ഞത്

വിരുന്നു വിളിച്ചു
കാക്കയിരുന്ന
ചില്ലയിന്ന് ഉണങ്ങിപോയി
മരുന്ന് മണം പുതച്ചു
ഞാനിന്ന് ഏകനായി .

എത്ര രാക്കാഴ്ച്ചകളില്‍
എനിക്ക് ചുറ്റും
സ്ഫടിക ഗ്ലാസുകള്‍ നിരന്നു .
എത്ര പേക്കോലങ്ങള്‍
എനിക്കായി ആരവമിട്ടു .
ഇന്ന് ;ഒഴിഞ്ഞ മേശയരികില്‍
ഈച്ചയാര്‍ക്കുന്ന വൃണവുമായി
ഞാന്‍ മാത്രം.

എന്റെ സ്വപ്‌നങ്ങള്‍ ,
എന്റെ രാവുകള്‍ ,
എന്റെ പകലുകള്‍,
എത്ര നഷ്ടമാക്കി .

ഓടിയ ഓട്ടംഅളന്നു
കിതയ്ക്കുന്നു ഞാന്‍
ഇനി നിന്റെ ഊഴം
അത് കണ്ടു
ഞാന്‍ ചിരിയ്ക്കട്ടെ.

Friday, October 26, 2012


മഴ തോര്‍ന്ന പകല്‍

നിന്റെ മിഴിയില്‍  പിടഞ്ഞ
മഴനീരുനോക്കി ഞാനിതാ
 ഈ നാട്ടുവഴിയില്‍ .
ഈറന്‍ കാറ്റു വന്നെന്റെ
കവിളില്‍ തഴുകുന്നു
നീര്‍മണി മുത്തുകള്‍
ചിതറി പറക്കുന്നു .

തളിര് നിറഞ്ഞൊരു
ഇലവിന്റെ പാദസ്വരം
കുളിരു  പുതച്ചൊരു
പകലിന്റെ നിസ്വനം.

മണ്ണ് കുഴഞ്ഞ
കാലടിപാടുകള്‍ .
സ്വരമടക്കി
കരിയിലകളരികില്‍ .

ഇടറി വീണ
ഇളംവെയിലില്‍
ഇലതുമ്പുകള്‍ ഉണരുന്നു .
പടര്‍ന്ന നിറങ്ങളില്‍
നിറഞ്ഞു നീലവിധാനം.

ഒരു മഴപകലുകുട് -
ഇവിടെ കൊഴിയുന്നു
നിനവിലേക്കൊരു
സുന്ദര ചിത്രമായി,
ജന്മ സുകൃതമായി .