Tuesday, February 19, 2013

ഓര്‍മ്മപ്പുസ്തകം



ഓര്‍മ്മകള്‍ പകുത്തുവെയ്ക്കാന്‍
ഒരു പുസ്തകം 
നിഴലുകള്‍ കൊണ്ട് 
കളം വരച്ചു നിറച്ച 
പുറംചട്ട,
ബാല്യത്തിന്‍റെ ബലമുള്ള 
ആമുഖം .

കൌമാരത്തിന്‍റെ
കള്ളത്തരങ്ങള്‍ കൊണ്ട് 
ഉള്‍ത്താളുകള്‍   തുടങ്ങണം 
കണ്ടുതീര്‍ത്ത കാഴ്ച്ചകള്‍
തൊങ്ങലുകള്‍ വെച്ച്
താളുകള്‍ നിറയ്ക്കണം .

ചുറ്റുംനിറഞ്ഞ 
ആള്‍ക്കൂട്ടത്തിനിടയിലും 
ഏകാനയിത്തീര്‍ന്നതും,
പുതിയ ആകാശങ്ങള്‍ 
കൂട്ടുവന്നതും കുറിയ്ക്കണം.
  
ഉള്ളു നീറുമ്പോഴും 
ചിരിയ്ക്കാന്‍ പഠിപ്പിച്ച 
മുഖങ്ങളെ വര്‍ണ്ണിക്കണം .

പല രാഷ്ട്ര,
പല മത ,
പല കാല,
പല ഭാഷ 
പല വേഷ ,
പല ഭൂഷാതികള്‍ക്കിടയിലും 
മനുഷന്‍ ഒന്നാണെന്ന് 
പഠിച്ചതും 
എഴുതിച്ചേര്‍ക്കണം.

അര്‍ദ്ധ വിരാമങ്ങള്‍ 
പൂര്‍ണ്ണവിരാമം  അല്ലെന്നും 
പുതിയ വൃത്തത്തിന്‍റെ  
ആരംഭമാണെന്നും
എഴുതി നിര്‍ത്തണം .

Thursday, February 7, 2013

കാറ്റ്


കാറ്റിനായി മാത്രം തുറക്കുന്ന 
ജാലക പാളിയരുകില്‍
കാത്തിരിപ്പുണ്ടൊരാള്‍
ഉഷ്ണിച്ചു വിയര്‍ത്ത്.

പുറത്ത്;
മുളംകുട്ടങ്ങളെ
തമ്മില്‍ തല്ലിച്ചും,
മാമ്പഴം പൊഴിച്ചും 
പൂക്കളെയും ,പൂമ്പാറ്റകളെയും 
ഇക്കിളിയിട്ടും  എത്തുന്ന 
കുസൃതി കാറ്റല്ല.

നോക്കെത്താദൂരം 
മണല്‍ പറത്തി
ചൂളം വിളിച്ചെത്തുന്ന
എണ്ണ മണമുള്ള ,
അധികാരഭാവമുള്ള -
കാറ്റ്.


Thursday, January 24, 2013

നാടകം

നിലാവും കിനാവും
സംഗമിക്കും
നിശയുടെ രംഗവേദിയില്‍
നിശബ്ദതയുടെ
നിഴല്‍ നാടകം

വെളിച്ചത്തിന്റെ
രൂപഭേദങ്ങളില്‍
ഇരുളുതന്നെ
പലവേഷം
കെട്ടിയാടുന്നു

ഒടുവിലൊടുവില്‍
മൌനം ഭേധിക്കും
കാറ്റിന്‍ സീല്‍ക്കാരവും
മുരളും ചക്രങ്ങളും

രണഭൂമിയുടെ
കാഹളപ്പെരുക്കങ്ങളില്‍
ചായം പൂശി
പുതു പാത്രസൃഷ്ടികള്‍
സൂത്രധാരനറിയാതെ .

Wednesday, January 16, 2013

ചില ചോദ്യോത്തരങ്ങള്‍


ഒഴിവുകാല യാത്രയില്‍ 
ഹരിത ദ്രുതഗമന 
ശകടത്തില്‍ വെച്ചാണ്‌ 
ആദ്യത്തെ ചോദ്യം 
കേട്ടത് .

തൊട്ടു പിന്നിട്ട 
കവലയില്‍ നിന്നും കയറി 
ഒഴിഞ്ഞുകിടന്ന 
ഏക ഇരിപ്പിടത്തില്‍ 
അമര്‍ന്ന ആളിനോട്‌
നിന്നു തളര്‍ന്ന 
ആളിന്‍റെ ചോദ്യം 

"അവിടെ വെള്ളം ഇല്ലായിരുന്നോ ?"

ഇല്ല സഖാവേ...
അതു വെറും 
മാധ്യമ പ്രചരണം ,
ആയിരുന്നു 
എന്ന് ഉത്തരം .

***********************************
മീനച്ചൂടിന്‍റെ 
അസ്വാരസ്യങ്ങള്‍ 
ശീതള പാനീയത്താല്‍
ആറ്റുംപ്പോഴാണ് 
അടുത്ത ചോദ്യം കേട്ടത് 

"ഇവിടെ ബി .പി. എല്‍  വെള്ളമുണ്ടോ ?"

ഇല്ല ഇവിടെ എ .പി. എല്‍ 
വെള്ളമേ ഉള്ളു 
നീ വീട്ടില്‍ പോയി 
കുടിച്ചാല്‍ മതി 
എന്ന് ഉത്തരം .

ഉത്പ്രേക്ഷ


നോവിന്‍റെ കറുത്ത കാലങ്ങള്‍
                                ഗൂഢമായ് ഉള്‍ച്ചേരും
ചിരി ധ്വനികള്‍ 
വ്യംഗ്യം  തുറക്കാതെ 
                       അലഞ്ഞു തീരുന്നു                          

കണ്‍  മേഘങ്ങളില്‍
ദൈന്യത  ഉറഞ്ഞുകൂടി  
കറുക്കുന്ന 
പ്രളയ ബീജങ്ങള്‍ ,
കാറ്റു തലോടുന്ന 
പ്രജനന കാലം 
കാത്തിരിക്കുന്നു 

Thursday, January 10, 2013

ഭ്രമം -പഴങ്കഥകള്‍


 പണ്ടൊരു പ്രളയപ്പകലില്‍ 
പുഴയാഴങ്ങളില്‍ 
പരല്‍മീന്‍  തിരഞ്ഞു-
പോയ അയല്‍വാസി   
പലമീന്‍ കൊത്തി
പിന്നൊരു ദിവസം 
പഴുത്തടിയുംമ്പോഴും 
പകലായിരുന്നു 
പലര്‍ കൂടിയിരുന്നു .

രാത്രിയുടെ   കോണില്‍ 
പാലമരച്ചുവട്ടില്‍ 
പിന്നെ ഞാനാ -
അയല്‍വാസിയെ കാണുമ്പോള്‍ 
ജാനുചേച്ചിയും
പുള്ളിയോടൊപ്പമുണ്ടായിരുന്നു.
  
കടുകെണ്ണികിടക്കാന്‍ 
കമഴ്ത്തികിടത്തി
മണ്ണ് മൂടുമ്പോള്‍ 
തൂങ്ങിചത്ത ജാനുചേച്ചിക്ക് 
അവിഹിതം 
ഉണ്ടാരുന്നു പോലും .
"സത്യം"
 ഗൗളി ചിലയ്ക്കുന്നു .

ഞെട്ടി ഉണരുമ്പോള്‍ 
വിയര്‍പ്പു  തെറിച്ച 
കണ്‍പീലികള്‍ക്കപ്പുറം     
ജനാല ചില്ലിനുവെളിയില്‍ 
ഒരു നിഴല്‍ രൂപം .
കാതുകളില്‍ 
കൊലുസ്സുകിലുങ്ങും 
****സ്വരം******.      

Sunday, January 6, 2013

വര്‍ഷപ്പുലരി

പുതിയ പ്രഭാതത്തിലേക്ക്,
വര്‍ഷപ്പുലരിയിലേക്ക്
അവര്‍ കണ്‍‌തുറന്നു .
സുര്യനും അതിന്റെ-
കിരണങ്ങളും പുതുതായിരുന്നു,
ഉഷസ്സിലടിച്ച കാറ്റും പുതുതായിരുന്നു
പക്ഷികള്‍ ഇരതേടി പോവുകയും
നദികള്‍ കടലില്‍ചേരുകയും ചെയ്തു.

അനന്തരം അവര്‍ ,
നിലകണ്ണാടിയില്‍
തങ്ങളെ തന്നെകാണുകയും
തിരിച്ചറിയാതിരിക്കുകയും ചെയ്തു .
അവര്‍ തങ്ങളുടെ
പഴയ പ്രതിജ്ഞകള്‍ത്തന്നെ
പുതുതായി ചെയ്യുകയും
അതിലേക്കു പ്രത്യാശ -
വെക്കുകയും ചെയ്തു .


 ( സി .വി .ബാലകൃഷ്ണന്റെ "ആയുസ്സിന്റെ പുസ്തകം" വായിച്ചു തീര്‍ത്തപ്പോള്‍ )

http://www.facebook.com/groups/malayalamblogers/doc/540498545960647/

Friday, January 4, 2013



http://www.malayalamemagazine.com/Mayilppeeli/Issue6/

http://rinuanary.blogspot.com/2012/11/blog-post_1112.html

Thursday, January 3, 2013

ചുറ്റുപാട്


എവിടെ തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം
ദില്ലി ബസുമാത്രം . 
ഭിത്തി വെളുപ്പെല്ലാം 
ചോരച്ചുവപ്പും,മാംസതുണ്ടും.

കുനിഞ്ഞു നിന്നാല്‍ 
പുറത്തു ചാടും 
ഉള്‍വസ്ത്ര തുടിപ്പ് 
കണ്ടിട്ടെന്നു ചില ,
സധാചാര വാദങ്ങളും
പ്രതിവാദങ്ങളും

ഇരുളിന്‍ കറുപ്പില്‍ 
തെരുവു കോണിലൊരു,
ചുവപ്പു
കാണാഞ്ഞിട്ടെന്നു
ചിലര്‍ കൊതിക്കുന്നു .

ഉറങ്ങിയ 
നിയമ പുസ്തകങ്ങള്‍ ,
തൂക്കുകയര്‍ 
പുറത്തെടുക്കുന്നു  
ഉണര്‍ന്നെന്നു നടിക്കുന്നു 

തുണി ഉടുപ്പിച്ചും ,
ഉരിഞ്ഞും ,
കണ്ണീരു വിറ്റും 
കാശാക്കുവാന്‍ 
മാധ്യമങ്ങള്‍ പഠിച്ചു .

ഒന്നും പഠിക്കാതെ 
നാമിരിക്കുന്നു 
വാപിളര്‍ന്ന്, 
കൊടിപിടിച്ച്.

കുറവൊന്നു വരാതെ 
ഇന്നും വാര്‍ത്തകളുണ്ട് 
പുതു സംഗത്തിന്‍റെ
ബലമുള്ള ,ചൂടുള്ള .

Monday, December 31, 2012



തിരിച്ചറിവുകളുടെ
തിരിഞ്ഞു നോട്ടത്തിലാണ്
ലോകമെനിക്കുച്ചുറ്റും 
ഉരുണ്ടുകൂടിയത് .

ചിന്തകളുടെ 
എരിവു തട്ടിയിട്ടാണ് 
വാക്കുകള്‍ 
കറുത്തിരുണ്ടത് .

കറുപ്പല്ല 
ചുവപ്പാണന്നു പറഞ്ഞത്,
തെരുവിലെ
നിഴലുകളാണ് .

വിഹ്വലതകള്‍ 
തിന്ന പകലിന്‍റെ , 
ചൂടേറ്റു 
കറുത്തു പോയെന്നു 
ഞാന്‍ ഉറച്ചുനിന്നു .

(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ കവിത മത്സരത്തില്‍ എഴുതിയത് ...
http://www.facebook.com/photo.php?fbid=4017266878546&set=o.183734611637044&type=1&theatr

http://www.facebook.com/photo.php?fbid=4053263738445&set=o.183734611637044&type=1&theater)