Wednesday, December 11, 2013

കരം കോർത്ത്‌

രാവുണരുമ്പോൾ
കരം കോർത്ത്‌
പ്രാർഥനാവഴികൾ
താണ്ടാം

പുലരിത്തണുപ്പിൽ
പുൽമേടുകൾ
തിരഞ്ഞു പോകാം

വിളനിറയും
വയലേലകളിൽ
വിയർപ്പുപ്പിന്‍റെ
രുചി തേടിയിറങ്ങാം

മഴതെളിയുന്ന
പുതുനിലങ്ങളിൽ
മാരിവില്ല്
കണ്ടുരസിക്കാം

കടൽ ഇരംബങ്ങളുടെ
ചക്രവാളങ്ങളിൽ
സായാഹ്നങ്ങളെ
ഇറക്കിവെയ്ക്കാം

രാവുറങ്ങുമ്പോൾ
നക്ഷത്രങ്ങളെ
സ്വപ്നംകണ്ട്
ഒന്നായിത്തീരാം .

Sunday, December 1, 2013

ബാക്കിയായ ചോദ്യങ്ങൾ

ബാക്കിയായ കുറെ
ചോദ്യങ്ങൾ ഉണ്ട് ;
ഉത്തരം തേടി
അനന്തതയിൽ
വിലയം പ്രാപിക്കുന്നവ;
നേർക്ക്‌ നേരേവരുമ്പോൾ
വിക്കലും,വിറയലും
മാത്രം പുറത്തുവിടുന്നവ .

ചില ചോദ്യങ്ങൾക്ക്,
മൌനമാണ്
ഏറ്റവും നല്ല ഉത്തരമെന്ന്
കാലം ബോധ്യമാക്കുംവരെ
ഇടയ്ക്കിടെ -ഇടയ്ക്കിടെ
വേട്ടയാടുന്നവ

Thursday, October 10, 2013

പ്രതീക്ഷ


ഇലകൾ കൊഴിഞ്ഞ്
നഗ്ന ശിഖരങ്ങൾ ;
മാത്രമായി ഒരുമരം
ഒറ്റപെട്ടു നിൽക്കുന്നു
ഒന്നുകിൽ, അടുത്ത കാറ്റിൽ
വേരറ്റു നിലം പതിക്കാം.
അല്ലെങ്കിൽ, തളിര് നിറഞ്ഞു
പുതിയ വസന്തത്തിന്റെ
വർണ്ണക്കാഴ്ച്ച  തീർക്കാം.




Tuesday, September 24, 2013

രുചിയില്ലാത്ത

ഉലഞ്ഞു പോയ
മനസിനെപ്പിഴിഞ്ഞു
അശയിൽ തോരാനിട്ടു;
വെയിലൊന്ന് മങ്ങിയപ്പോൾ
ഒരു പക്ഷി വന്ന്
ഒരു കൊത്ത് കൊത്തി,
രുചി ഇല്ലാഞ്ഞിട്ടാവും
ചിറകടിച്ചത്
ദൂരേക്ക്‌ പറന്നു പോയി .

Thursday, September 12, 2013

നിഴൽരൂപം

ഹൃദയം പിടയുന്നു
നോവുകൾ എരിയുന്നു
ചിരിമാഞ്ഞ ചുണ്ടിലൊരു
വരണ്ട ഭാവം നിറയുന്നു.

വഴിതിരിയുന്ന ജീവിതം,
അറിയുവാൻ
ഏറെയുണ്ടെന്ന് ഓതുന്നു
അരികെയുള്ളവർ പോലും
ഏറെ അകലെയാകുന്നു .   

കഴിഞ്ഞ കാലത്തിന്‍റെ

കണക്കുകൾ പേറും
ഭിത്തികൾ കുലുങ്ങുന്നു ,
മറവിയുടെ
മൂടുപടമിട്ടൊരു
മഴമേഘമുയരുന്നു.

എരിയുന്ന പകലിന്‍റെ

മുഖമൊന്നു മറയ്ക്കണം ,
അറിയാതെ പോയ
പുലരിയുടെ തണുവാൽ. 

പറക്കുന്ന പക്ഷികൾ
ചിരിക്കുന്ന പൂക്കൾ
മണക്കുന്ന കാറ്റ് ;
പലതും
വഴിമാറി പോകുന്നുവോ ?

അറിയാതെ ,പറയാതെ
ഘടികാര സൂചികൾ
തിരിയുന്നു ,പായുന്നു
ഘടന പൊളിച്ചുകൊണ്ട് .

ഉയരുന്ന ശ്വാസം ,
ഉണരുന്ന മോഹം;
വിളറി വലിക്കുന്നു 
പകലിന്‍റെ തെളിച്ചം .

കണംകാൽ 
ഉരുമും തിരയിൽ,
വിഷാദ സന്ധ്യയുടെ
കരയിൽ
മൂകം ഉയരുന്നൊരു
നിഴലിന്‍റെ രൂപം .

Wednesday, September 11, 2013

വാക്കുകൾ

ഉത്തരം മുട്ടിയ
ചോദ്യങ്ങൾക്കുമുന്നിൽ
പകച്ചുപോയ വാക്കുകൾ
ഒളിഞ്ഞു പോകാൻ
ഊടുവഴികൾ തിരയുന്നു ,
ഇടറി അത്-
തോണ്ടക്കുഴിയിലൂടെ
ഇഴഞ്ഞു നീങ്ങുന്നു .

മധുരം മേമ്പൊടി-
തൂവിയ വാക്കുകൾ
ഉള്ളു പൊള്ളയായിരുന്നെന്ന്
പറഞ്ഞത് താടി നീട്ടിയൊരു
യുവ സുഹൃത്ത് .

ശബ്ദം വിറ്റു
പെരെടുത്തവർ
അർഥം അറിഞ്ഞു
വാക്കുകൾ അടുക്കിയവർ
സംഗീതത്തിന്‍റെ
മാന്ത്രികത നിറച്ചവർ;
ആരാണ് കേമനെന്ന്
അറിയാതെ, പാട്ടുകൾ
ഹൃദയത്തിൻ ഓരത്ത്.

ലോകം കീഴടക്കിയ വാക്കുകൾ
ഉറച്ച ഹൃദയങ്ങളിൽ
നിന്നുയർന്ന
തളരാത്ത സ്വപ്നങ്ങളുടെ
വെളിപ്പെടുത്തലുകൾ.

വാക്കുകൾ
വില്പ്പനയക്ക്‌ വെച്ച
തെരുവുകൾ;
ചുവന്നൊഴുകുന്നു.
വക്കു പൊട്ടിയ
താളുകൾ
ചരിത്രങ്ങളിൽ നിന്നും
പുറത്തു ചാടുന്നു .

ചോദ്യങ്ങളും ഉത്തരങ്ങളും
ഇല്ലാത്ത കാലത്ത്,
വാക്കുകൾക്ക്‌
മൌനത്തിന്‍റെ നിറം പിടിക്കുമ്പോൾ
നിലാവിന്‍റെ ചിത്രതുന്നലിട്ട
നീല കംബളം മാത്രം .

Thursday, September 5, 2013

ചേർച്ചയില്ലാതെ -2

ഓരോ തോൽവികളും
പ്രളയം പോലെയാണ്
അടിഞ്ഞുകൂടി
ചീഞ്ഞുനാറിയ
മാലിന്യങ്ങളെ
ഒഴുക്കികൊണ്ടുപോയി
ലക്ഷ്യത്തിലേക്കുള്ള പാതകളെ
സുഗമമാക്കുന്ന പ്രളയം .

##!!##

ഭൂഖണ്ഡങ്ങളുടെ 
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ .
##!!##

നിന്‍റെ കാലടിക്കീഴെ-
മണ്ണിലെത്ര
നിണമൊഴുകി
എത്ര മാംസവും ,അസ്ഥിയും
പൊടിഞ്ഞു ചേർന്നു
എന്നിട്ടും എന്‍റെമാത്രം
സ്വന്തം മണ്ണെന്ന് 
അലറി വിളിക്കുന്നു .
##!!##


നീളൻ പകലിനെ
മാനഭംഗം ചെയ്തു ;
സന്ധ്യയുടെ
രക്ത നിറമാർന്ന
നിഴലുകൾ,
ജാരസന്തതികൾക്ക് 
തൊട്ടിൽകെട്ടുന്നു
പകുതി മറഞ്ഞുനിന്ന്
ചന്ദ്രൻ.


(http://kuttanadankatt.blogspot.com/2013/03/blog-post_11.html ചേർച്ചയില്ലാതെ -1)


Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .

Wednesday, August 21, 2013

തനിനാടൻ

പുലരിയിലേക്ക്
തുറന്ന ജാലകത്തിലൂടെ
ഹൃദയത്തിലേക്കു കടക്കുന്നു
കിളികൊഞ്ചലുകൾ,
കാറ്റിൻ തലോടൽ ,
പുതുതായി വിടർന്ന
പനിനീർമലരിൻ ഗന്ധം .

പെങ്ങൾ ഈർക്കിൽ ചൂലാൽ
വെടിപ്പാക്കിയ മുറ്റത്ത്‌
സൂര്യൻ ഇളം വെയിലാൽ
കളം വരയ്ക്കുന്നു
വീടിനടിത്തറ ചേർന്ന
മണലിൽ കുഴിയാനക്കുഴികൾ.
ആഞ്ഞിലിചക്ക കൊറിച്ചു
ചിലയ്ക്കുന്നു
മൂവിരൽ പാട് ഏറ്റവർ.

ചായച്ചൂടിൻ 
ആവിയൂതിപ്പറത്തി
പത്ര താളുകളിലൂടൊരു
ലോക പര്യടനം .
അയൽവക്ക രഹസ്യങ്ങളുടെ
കൊച്ചുവർത്തമാനങ്ങൾ .
പഴംചോറിൽ
പച്ചമുളകിന്റെ
രസമൂറും നീറ്റൽ.

തൊടിയിലൂടൊരു
ചെറുനടത്തം
മണ്ണിനോടും ,മരങ്ങളോടും
ആശയവിനിമയം
ആഗോളതാപനത്തിലേക്കൊരു
എത്തിനോട്ടം .

വയൽവരമ്പിലൂടെ
ബാല്യം തിരഞ്ഞൊരു
തിരിച്ചുനടത്തം
കാറ്റു പൊട്ടിച്ചെടുത്ത
പട്ടംപോലെ
നിലതെറ്റിയൊരു
ചിന്തനൂലിഴകൾ .

ഉച്ചയൂണിനു
കുടംപുളിയിട്ട
പുഴമീനിന്റെ
മേമ്പൊടി
അമ്മകയ്പ്പുണ്യത്തിൻ
മാന്ത്രിക ലോകം  .

മയക്കമുണർന്ന
നാലുമണിക്ക്;
പച്ചക്കറി
വിലസൂചിക കേട്ട,
വീട്ടമ്മയെപ്പോലെ
തളർന്ന ഭാവം .
വഴിയിലൂടെ
തളർന്നു നീങ്ങുന്ന
യൂണിഫോമുകൾ .

കപ്പപ്പുഴുക്കിന്റെ
അടുക്കള ഗന്ധം.
പള്ളിമണിയുടെ
സന്ധ്യാപ്രാർഥന
ബാങ്കുവിളിയുടെ
കണിശത
നിലവിളക്കിന്റെ
ചുറ്റുവട്ടത്ത്
രാമജപങ്ങൾ .

നിലാവും,നിഴലും
ഈറൻ കാറ്റും .

Wednesday, August 14, 2013

ഞങ്ങൾ അഭയാർഥികൾ


ഊരില്ല ,പേരില്ല
ഉറപ്പുള്ള കൂരയില്ല; 
ഞങ്ങൾ അഭയാർഥികൾ
നാളയുടെ മാനം നോക്കി
ചിരിക്കുന്നവർ .

സ്ഥായിയായി ഒന്നുമില്ല,
വിപ്ലവത്തിന് ശേഷിയില്ല
വിഴുപ്പലക്കലുകളുടെ
ശേഷപത്രങ്ങൾ,
പൗരത്തമില്ലാത്ത   പൗരന്മാർ.

ഞങ്ങളുടെ പെണ്മക്കടെ
മാനത്തിന്
മറയില്ല ,വിലയില്ല ;
മാംസത്തിന്,രക്തത്തിന്
കഴുകന്മാർ ചുറ്റി പറക്കുന്നു.

ഞങ്ങളുടെ കുരുന്നുകൾക്ക്‌
കളിസ്ഥലമില്ല ,കളിപ്പാവയില്ല
പുസ്തകമില്ല ,പാഠശാലയില്ല
സ്വപ്നങ്ങളുമില്ല .

മഞ്ഞ് ഞങ്ങൾക്ക് മഞ്ഞല്ല
വെയില് വെയിലല്ല
മഴ മഴയുമല്ല ;
കേവലം
ജീവിത അഭ്യാസങ്ങൾ .

ഉത്സവങ്ങളില്ല,ഉയർപ്പുമില്ല
അരവയർ നിറയ്ക്കാൻ ,
അന്തിയുറങ്ങാൻ,
ശ്വാസമെടുക്കാൻ;
ആകാശകൂരയ്ക്ക് കീഴിലായ്
നെട്ടോട്ടം ഓടുന്നവർ .
ഞങ്ങൾ അഭയാർഥികൾ .





(ലോകത്തിൻറെ വിവിധ കോണുകളിൽ മേൽവിലാസമില്ലാതെ,സ്വപ്നങ്ങൾ ഇല്ലാതെ ,ചൂഷണത്തിന് ഇരകളായി കഴിയുന്ന അഭയാർഥികളെ ...................  )