വീണ്ടും ജനിച്ചു ഞാൻ
ഏറെനാൾ ജീവിച്ച ശേഷം;
തിടുക്കത്തിൽ ഒരുനാൾ
ആരും തിരിച്ചറിയാരൂപമായ് .
വെറുപ്പു നിറഞ്ഞ
നോക്കുകൾക്ക് നടുവിൽ
ഒരു പ്രേതരൂപമായ്
ഉരുകി ഉറച്ചിന്നുഞാൻ
ശൌചാലയ കവാടത്തിൽ
കാത്തിരുന്ന കാന്തനാൽ,
പൊതുവഴിയുടെ ഓരത്ത്
ഒരു പകലിൽ കാമുകനാൽ,
പതിവായ പടിയിറക്കത്തിൽ
ഏതോ കാമാർത്തനാൽ,
അമ്ല മഴയുടെ;
ജ്ഞാനസ്നാനം ഏറ്റെന്‍റെ
വീണ്ടും ജനനം.
ഉരികിയൊലിച്ച ത്വക്കിലാണ്
പഴയ ഞാൻ മൃതിയേറ്റത്
കരൾ പിടഞ്ഞ നോവിലാണ്
ബന്ധങ്ങൾ തിരിച്ചറിഞ്ഞത് .
എങ്കിലും കൂട്ടായിവന്നു
എനിക്ക് മുന്നേ
വീണ്ടും ജനിച്ചവർ ;
പിച്ചവെച്ചു നടക്കാൻ
കരം പിടിച്ചുയർത്തി.
പുതിയ എനിക്കാണ്
കരുത്തേറെയെന്നു തിരിച്ചറിഞ്ഞു-
പടവെട്ടുന്നു ഞാൻ
സമൂഹ മദ്ധ്യേ
ഉണ്ടെന്നറിയിക്കുവാൻ മാത്രം .
{http://www.dailymail.co.uk/news/article-2252427/Sonali-Mukherjee-Acid-attack-victim-scarred-life--millionaire-Indias-watched-quiz-show.html }
{http://www.ndtv.com/topic/acid-attack-victim}
ആസിഡ് ആക്രമണങ്ങളിൽ മുഖം വികൃതമായി ,വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾക്ക് നടുവിൽ
ജീവിതത്തിനോട് പൊരുതുന്ന സഹോദരികൾക്കായി........