വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .
സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ,
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലൂടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .
ചാലുകളിലൂടെ ഒഴുകി-
പരക്കുന്ന; ഓര്‍മ്മകളുടെ
നേര്‍ത്ത ജലകണങ്ങളില്‍
ശിലപോല്‍ തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍ ശൂന്യമാകുന്നു.
നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടങ്ങുന്നു ;
ശാപമോക്ഷത്തിന്‍റെ
കാൽ പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .
(വീണ്ടും മഴയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ ...ഒരിക്കൽ കൂടെ പോസ്റ്റ് ചെയ്യുന്നു. )