Tuesday, December 25, 2012

ഡിസംബറിന്‍റെ മണം

ഡിസംബറിന്‍റെ, 
മണം തിരഞ്ഞു 
ഓര്‍മകളിലൂടെ ഊളിയിട്ടു 

പാടവരമ്പിലെ 
കറുകതലപ്പിലൂടെ
 കാലിലേക്കരിച്ചുകയറിയ
മഞ്ഞിന്‍ തണുപ്പിന്‌
ബാല്യകാലത്തിന്‍റെ 
കാല്‍പ്പാടു പതിഞ്ഞ 
കൌതുകമാര്‍ന്ന മണങ്ങള്‍

കടുംപച്ചയായി 
നാമ്പുയര്‍ത്തുന്ന, 
കതിര്‍ത്തലപ്പുകളെ
തഴുകിവെരുന്ന
ഭ്രാന്തന്‍ കാറ്റിന് 
പ്രതീക്ഷകളിലെ 
നൂറുമേനിയുടെ മണം 

ജീവിതം  തിരഞ്ഞുപോയ 
നഗരങ്ങള്‍ ,
പകരം നല്‍കിയ
വരണ്ട കാഴ്ച്ചകള്‍ ;
മനംമടുപ്പിച്ച മണങ്ങള്‍ .


മഞ്ഞുമൂടിയ സന്ധ്യകളില്‍ ,
തീകായുന്ന ജിജ്ഞാസകളില്‍ 
ചുവപ്പായി ,മഞ്ഞയായി 
വെന്തുരുകുന്നു 
എത്ര ചിത്രങ്ങള്‍ ,
ജീവിതം കോണിലാക്കിയ 
വേരുകള്‍ ,വഴികള്‍ .

കല്ലറ വളപ്പില്‍പരന്ന
കുന്തിരിക്കത്തിന്‍റെ 
മണത്തില്‍ ,ഡിസംബര്‍ 
വിളിച്ചിറക്കികൊണ്ടുപോയ 
ചില പ്രീയപ്പെട്ട മുഖങ്ങള്‍ 
തിരിച്ചുവരവുകള്‍ 
നടത്തി മടങ്ങുന്നു .


ബോഗന്‍വില്ലകള്‍ 
പൂവിട്ട അതിരുകള്‍ 
തറവാട്ടു വീടിനോപ്പം 
മാഞ്ഞുപോയതുപോലെ ,
ഡിസംബറില്‍ നിന്നും
ജനുവരിയിലേക്കും
ജനുവരിയില്‍ നിന്നും 
ഡിസംബറിലേക്കും 
കുറഞ്ഞും, ഏറിയുമുള്ള 
ബന്ധം പോലെ;


ഓര്‍മ്മകളില്‍  നിന്നും 
വര്‍ത്തമാനത്തിലേക്കടിക്കുന്ന  
മണങ്ങള്‍ പലതും 
ഏറിയും കുറഞ്ഞും 
നേര്‍ത്തുപോകുന്നു ;
പുതിയ മണങ്ങളുടെ
തീരംതേടി
യാത്രകള്‍ തുടരുന്നു .

(ഏവര്‍ക്കും നന്മകള്‍ നൂറുമേനി വിളയുന്ന 
പുതുവത്സരം ആശംസിക്കുന്നു )

2 comments:

മനോജ് ഹരിഗീതപുരം said... Best Blogger TipsReply itBest Blogger Templates

പുതുവത്സരാംശസകൾ.............

ajith said... Best Blogger TipsReply itBest Blogger Templates

ഡിസംബറിന്റെ മണം
പ്രതീക്ഷകളുടെ മണം
പുതുവത്സരാശംസകള്‍