Showing posts with label കവിത എന്ന പേരില്‍. Show all posts
Showing posts with label കവിത എന്ന പേരില്‍. Show all posts

Tuesday, February 19, 2013

ഓര്‍മ്മപ്പുസ്തകം



ഓര്‍മ്മകള്‍ പകുത്തുവെയ്ക്കാന്‍
ഒരു പുസ്തകം 
നിഴലുകള്‍ കൊണ്ട് 
കളം വരച്ചു നിറച്ച 
പുറംചട്ട,
ബാല്യത്തിന്‍റെ ബലമുള്ള 
ആമുഖം .

കൌമാരത്തിന്‍റെ
കള്ളത്തരങ്ങള്‍ കൊണ്ട് 
ഉള്‍ത്താളുകള്‍   തുടങ്ങണം 
കണ്ടുതീര്‍ത്ത കാഴ്ച്ചകള്‍
തൊങ്ങലുകള്‍ വെച്ച്
താളുകള്‍ നിറയ്ക്കണം .

ചുറ്റുംനിറഞ്ഞ 
ആള്‍ക്കൂട്ടത്തിനിടയിലും 
ഏകാനയിത്തീര്‍ന്നതും,
പുതിയ ആകാശങ്ങള്‍ 
കൂട്ടുവന്നതും കുറിയ്ക്കണം.
  
ഉള്ളു നീറുമ്പോഴും 
ചിരിയ്ക്കാന്‍ പഠിപ്പിച്ച 
മുഖങ്ങളെ വര്‍ണ്ണിക്കണം .

പല രാഷ്ട്ര,
പല മത ,
പല കാല,
പല ഭാഷ 
പല വേഷ ,
പല ഭൂഷാതികള്‍ക്കിടയിലും 
മനുഷന്‍ ഒന്നാണെന്ന് 
പഠിച്ചതും 
എഴുതിച്ചേര്‍ക്കണം.

അര്‍ദ്ധ വിരാമങ്ങള്‍ 
പൂര്‍ണ്ണവിരാമം  അല്ലെന്നും 
പുതിയ വൃത്തത്തിന്‍റെ  
ആരംഭമാണെന്നും
എഴുതി നിര്‍ത്തണം .

Thursday, February 7, 2013

കാറ്റ്


കാറ്റിനായി മാത്രം തുറക്കുന്ന 
ജാലക പാളിയരുകില്‍
കാത്തിരിപ്പുണ്ടൊരാള്‍
ഉഷ്ണിച്ചു വിയര്‍ത്ത്.

പുറത്ത്;
മുളംകുട്ടങ്ങളെ
തമ്മില്‍ തല്ലിച്ചും,
മാമ്പഴം പൊഴിച്ചും 
പൂക്കളെയും ,പൂമ്പാറ്റകളെയും 
ഇക്കിളിയിട്ടും  എത്തുന്ന 
കുസൃതി കാറ്റല്ല.

നോക്കെത്താദൂരം 
മണല്‍ പറത്തി
ചൂളം വിളിച്ചെത്തുന്ന
എണ്ണ മണമുള്ള ,
അധികാരഭാവമുള്ള -
കാറ്റ്.


Thursday, January 24, 2013

നാടകം

നിലാവും കിനാവും
സംഗമിക്കും
നിശയുടെ രംഗവേദിയില്‍
നിശബ്ദതയുടെ
നിഴല്‍ നാടകം

വെളിച്ചത്തിന്റെ
രൂപഭേദങ്ങളില്‍
ഇരുളുതന്നെ
പലവേഷം
കെട്ടിയാടുന്നു

ഒടുവിലൊടുവില്‍
മൌനം ഭേധിക്കും
കാറ്റിന്‍ സീല്‍ക്കാരവും
മുരളും ചക്രങ്ങളും

രണഭൂമിയുടെ
കാഹളപ്പെരുക്കങ്ങളില്‍
ചായം പൂശി
പുതു പാത്രസൃഷ്ടികള്‍
സൂത്രധാരനറിയാതെ .

Wednesday, January 16, 2013

ചില ചോദ്യോത്തരങ്ങള്‍


ഒഴിവുകാല യാത്രയില്‍ 
ഹരിത ദ്രുതഗമന 
ശകടത്തില്‍ വെച്ചാണ്‌ 
ആദ്യത്തെ ചോദ്യം 
കേട്ടത് .

തൊട്ടു പിന്നിട്ട 
കവലയില്‍ നിന്നും കയറി 
ഒഴിഞ്ഞുകിടന്ന 
ഏക ഇരിപ്പിടത്തില്‍ 
അമര്‍ന്ന ആളിനോട്‌
നിന്നു തളര്‍ന്ന 
ആളിന്‍റെ ചോദ്യം 

"അവിടെ വെള്ളം ഇല്ലായിരുന്നോ ?"

ഇല്ല സഖാവേ...
അതു വെറും 
മാധ്യമ പ്രചരണം ,
ആയിരുന്നു 
എന്ന് ഉത്തരം .

***********************************
മീനച്ചൂടിന്‍റെ 
അസ്വാരസ്യങ്ങള്‍ 
ശീതള പാനീയത്താല്‍
ആറ്റുംപ്പോഴാണ് 
അടുത്ത ചോദ്യം കേട്ടത് 

"ഇവിടെ ബി .പി. എല്‍  വെള്ളമുണ്ടോ ?"

ഇല്ല ഇവിടെ എ .പി. എല്‍ 
വെള്ളമേ ഉള്ളു 
നീ വീട്ടില്‍ പോയി 
കുടിച്ചാല്‍ മതി 
എന്ന് ഉത്തരം .

ഉത്പ്രേക്ഷ


നോവിന്‍റെ കറുത്ത കാലങ്ങള്‍
                                ഗൂഢമായ് ഉള്‍ച്ചേരും
ചിരി ധ്വനികള്‍ 
വ്യംഗ്യം  തുറക്കാതെ 
                       അലഞ്ഞു തീരുന്നു                          

കണ്‍  മേഘങ്ങളില്‍
ദൈന്യത  ഉറഞ്ഞുകൂടി  
കറുക്കുന്ന 
പ്രളയ ബീജങ്ങള്‍ ,
കാറ്റു തലോടുന്ന 
പ്രജനന കാലം 
കാത്തിരിക്കുന്നു 

Thursday, January 10, 2013

ഭ്രമം -പഴങ്കഥകള്‍


 പണ്ടൊരു പ്രളയപ്പകലില്‍ 
പുഴയാഴങ്ങളില്‍ 
പരല്‍മീന്‍  തിരഞ്ഞു-
പോയ അയല്‍വാസി   
പലമീന്‍ കൊത്തി
പിന്നൊരു ദിവസം 
പഴുത്തടിയുംമ്പോഴും 
പകലായിരുന്നു 
പലര്‍ കൂടിയിരുന്നു .

രാത്രിയുടെ   കോണില്‍ 
പാലമരച്ചുവട്ടില്‍ 
പിന്നെ ഞാനാ -
അയല്‍വാസിയെ കാണുമ്പോള്‍ 
ജാനുചേച്ചിയും
പുള്ളിയോടൊപ്പമുണ്ടായിരുന്നു.
  
കടുകെണ്ണികിടക്കാന്‍ 
കമഴ്ത്തികിടത്തി
മണ്ണ് മൂടുമ്പോള്‍ 
തൂങ്ങിചത്ത ജാനുചേച്ചിക്ക് 
അവിഹിതം 
ഉണ്ടാരുന്നു പോലും .
"സത്യം"
 ഗൗളി ചിലയ്ക്കുന്നു .

ഞെട്ടി ഉണരുമ്പോള്‍ 
വിയര്‍പ്പു  തെറിച്ച 
കണ്‍പീലികള്‍ക്കപ്പുറം     
ജനാല ചില്ലിനുവെളിയില്‍ 
ഒരു നിഴല്‍ രൂപം .
കാതുകളില്‍ 
കൊലുസ്സുകിലുങ്ങും 
****സ്വരം******.      

Sunday, January 6, 2013

വര്‍ഷപ്പുലരി

പുതിയ പ്രഭാതത്തിലേക്ക്,
വര്‍ഷപ്പുലരിയിലേക്ക്
അവര്‍ കണ്‍‌തുറന്നു .
സുര്യനും അതിന്റെ-
കിരണങ്ങളും പുതുതായിരുന്നു,
ഉഷസ്സിലടിച്ച കാറ്റും പുതുതായിരുന്നു
പക്ഷികള്‍ ഇരതേടി പോവുകയും
നദികള്‍ കടലില്‍ചേരുകയും ചെയ്തു.

അനന്തരം അവര്‍ ,
നിലകണ്ണാടിയില്‍
തങ്ങളെ തന്നെകാണുകയും
തിരിച്ചറിയാതിരിക്കുകയും ചെയ്തു .
അവര്‍ തങ്ങളുടെ
പഴയ പ്രതിജ്ഞകള്‍ത്തന്നെ
പുതുതായി ചെയ്യുകയും
അതിലേക്കു പ്രത്യാശ -
വെക്കുകയും ചെയ്തു .


 ( സി .വി .ബാലകൃഷ്ണന്റെ "ആയുസ്സിന്റെ പുസ്തകം" വായിച്ചു തീര്‍ത്തപ്പോള്‍ )

http://www.facebook.com/groups/malayalamblogers/doc/540498545960647/

Thursday, January 3, 2013

ചുറ്റുപാട്


എവിടെ തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം
ദില്ലി ബസുമാത്രം . 
ഭിത്തി വെളുപ്പെല്ലാം 
ചോരച്ചുവപ്പും,മാംസതുണ്ടും.

കുനിഞ്ഞു നിന്നാല്‍ 
പുറത്തു ചാടും 
ഉള്‍വസ്ത്ര തുടിപ്പ് 
കണ്ടിട്ടെന്നു ചില ,
സധാചാര വാദങ്ങളും
പ്രതിവാദങ്ങളും

ഇരുളിന്‍ കറുപ്പില്‍ 
തെരുവു കോണിലൊരു,
ചുവപ്പു
കാണാഞ്ഞിട്ടെന്നു
ചിലര്‍ കൊതിക്കുന്നു .

ഉറങ്ങിയ 
നിയമ പുസ്തകങ്ങള്‍ ,
തൂക്കുകയര്‍ 
പുറത്തെടുക്കുന്നു  
ഉണര്‍ന്നെന്നു നടിക്കുന്നു 

തുണി ഉടുപ്പിച്ചും ,
ഉരിഞ്ഞും ,
കണ്ണീരു വിറ്റും 
കാശാക്കുവാന്‍ 
മാധ്യമങ്ങള്‍ പഠിച്ചു .

ഒന്നും പഠിക്കാതെ 
നാമിരിക്കുന്നു 
വാപിളര്‍ന്ന്, 
കൊടിപിടിച്ച്.

കുറവൊന്നു വരാതെ 
ഇന്നും വാര്‍ത്തകളുണ്ട് 
പുതു സംഗത്തിന്‍റെ
ബലമുള്ള ,ചൂടുള്ള .

Monday, December 31, 2012



തിരിച്ചറിവുകളുടെ
തിരിഞ്ഞു നോട്ടത്തിലാണ്
ലോകമെനിക്കുച്ചുറ്റും 
ഉരുണ്ടുകൂടിയത് .

ചിന്തകളുടെ 
എരിവു തട്ടിയിട്ടാണ് 
വാക്കുകള്‍ 
കറുത്തിരുണ്ടത് .

കറുപ്പല്ല 
ചുവപ്പാണന്നു പറഞ്ഞത്,
തെരുവിലെ
നിഴലുകളാണ് .

വിഹ്വലതകള്‍ 
തിന്ന പകലിന്‍റെ , 
ചൂടേറ്റു 
കറുത്തു പോയെന്നു 
ഞാന്‍ ഉറച്ചുനിന്നു .

(മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ കവിത മത്സരത്തില്‍ എഴുതിയത് ...
http://www.facebook.com/photo.php?fbid=4017266878546&set=o.183734611637044&type=1&theatr

http://www.facebook.com/photo.php?fbid=4053263738445&set=o.183734611637044&type=1&theater)

Tuesday, December 25, 2012

ഡിസംബറിന്‍റെ മണം

ഡിസംബറിന്‍റെ, 
മണം തിരഞ്ഞു 
ഓര്‍മകളിലൂടെ ഊളിയിട്ടു 

പാടവരമ്പിലെ 
കറുകതലപ്പിലൂടെ
 കാലിലേക്കരിച്ചുകയറിയ
മഞ്ഞിന്‍ തണുപ്പിന്‌
ബാല്യകാലത്തിന്‍റെ 
കാല്‍പ്പാടു പതിഞ്ഞ 
കൌതുകമാര്‍ന്ന മണങ്ങള്‍

കടുംപച്ചയായി 
നാമ്പുയര്‍ത്തുന്ന, 
കതിര്‍ത്തലപ്പുകളെ
തഴുകിവെരുന്ന
ഭ്രാന്തന്‍ കാറ്റിന് 
പ്രതീക്ഷകളിലെ 
നൂറുമേനിയുടെ മണം 

ജീവിതം  തിരഞ്ഞുപോയ 
നഗരങ്ങള്‍ ,
പകരം നല്‍കിയ
വരണ്ട കാഴ്ച്ചകള്‍ ;
മനംമടുപ്പിച്ച മണങ്ങള്‍ .


മഞ്ഞുമൂടിയ സന്ധ്യകളില്‍ ,
തീകായുന്ന ജിജ്ഞാസകളില്‍ 
ചുവപ്പായി ,മഞ്ഞയായി 
വെന്തുരുകുന്നു 
എത്ര ചിത്രങ്ങള്‍ ,
ജീവിതം കോണിലാക്കിയ 
വേരുകള്‍ ,വഴികള്‍ .

കല്ലറ വളപ്പില്‍പരന്ന
കുന്തിരിക്കത്തിന്‍റെ 
മണത്തില്‍ ,ഡിസംബര്‍ 
വിളിച്ചിറക്കികൊണ്ടുപോയ 
ചില പ്രീയപ്പെട്ട മുഖങ്ങള്‍ 
തിരിച്ചുവരവുകള്‍ 
നടത്തി മടങ്ങുന്നു .


ബോഗന്‍വില്ലകള്‍ 
പൂവിട്ട അതിരുകള്‍ 
തറവാട്ടു വീടിനോപ്പം 
മാഞ്ഞുപോയതുപോലെ ,
ഡിസംബറില്‍ നിന്നും
ജനുവരിയിലേക്കും
ജനുവരിയില്‍ നിന്നും 
ഡിസംബറിലേക്കും 
കുറഞ്ഞും, ഏറിയുമുള്ള 
ബന്ധം പോലെ;


ഓര്‍മ്മകളില്‍  നിന്നും 
വര്‍ത്തമാനത്തിലേക്കടിക്കുന്ന  
മണങ്ങള്‍ പലതും 
ഏറിയും കുറഞ്ഞും 
നേര്‍ത്തുപോകുന്നു ;
പുതിയ മണങ്ങളുടെ
തീരംതേടി
യാത്രകള്‍ തുടരുന്നു .

(ഏവര്‍ക്കും നന്മകള്‍ നൂറുമേനി വിളയുന്ന 
പുതുവത്സരം ആശംസിക്കുന്നു )

Friday, December 21, 2012

ഇര

ചിന്തകള്‍ക്ക് ഇരതേടി
നടന്നപ്പോഴാണ്
ഞാന്‍
ചിലന്തിവലകള്‍ കണ്ടത് .

നല്ല ഭംഗിയായി
കളങ്ങളായി
നെയ്തോരുക്കിയ
വലകള്‍.

കോണില്‍
ഇരകുടുങ്ങാന്‍
കാതോര്‍ത്തു
പതിയിരിക്കുന്ന
ചിലന്തിയുടെ ലോകം

ചുറ്റുകാഴ്ച്ചകളുടെ
യവ്വനതുടുപ്പില്‍
പറന്നു നടക്കുമ്പോഴാണ്
ഇരയുടെ
ചിറകുടക്കിയത്.

ഒന്നു
പിടഞ്ഞു നോക്കി ,
കുതറി നോക്കി
കുരുക്കുകള്‍
മുറുക്കുകയാരുന്നു.

ഒടുവിലത്തെ
പിടിച്ചിലിനു മുന്‍പാണ്‌
ഇര പറഞ്ഞത്  
"ചുറ്റും വലകളുണ്ട്
സൂക്ഷിക്കുക" .

Sunday, December 16, 2012

വാരാന്ത്യ വിശേഷങ്ങള്‍

അവധി ദിവസത്തിന്‍റെ
ആലസ്യത്തില്‍
വൈകി എഴുന്നേറ്റു
കണ്‍‌തുറന്നു നോക്കിയപ്പോള്‍
മുന്നില്‍ കണ്ണാടി
ഇന്നത്തെ ദിവസം
"!@&*^$&$$&$&"


മുഖം കഴുകിയേക്കാം
എന്നുകരുതി
പൈപ്പ് തുറന്നപ്പോള്‍
അത് എന്നോട്
പൊട്ടിത്തെറിക്കുന്നു
അധോവായു
ചീറ്റിച്ചു കൊണ്ട് .

സമയം കളയാന്‍
വഴി അന്വേഷിച്ചപ്പോഴാണ്
ചുരുണ്ടുകൂടികിടന്ന
പത്രത്താളുകള്‍ക്ക്
ജീവന്‍ വെച്ചത്

കയ്യിലെ ചായക്കപ്പില്‍നിന്നും
ആവിപ്പുക
ഉയര്‍ന്നു പൊങ്ങി
കറങ്ങിത്തിരിഞ്ഞു  
അന്തരീക്ഷത്തില്‍
അപ്രത്ക്ഷ്യമായി;
കണ്മുന്നിലെ
പത്രത്താളുകളില്‍ നിന്നും
ചൂടാറാത്ത
ചില വാര്‍ത്തകള്‍
സിരകളില്‍ കയറി
നീറിത്തുടങ്ങി .

അങ്ങകലെ അമേരിക്കയില്‍
അമ്മയെ വെടിവെച്ചു
വീഴ്ത്തിയിട്ടും
പിണക്കം മാറാതെ ,
അമ്മ പഠിപ്പിച്ച
കുരുന്നുകളെയും
കൊന്നുതള്ളിയ
യുവാവിന്‍റെ
തോക്കു വിശേഷങ്ങള്‍ .

ചൈനകെന്താ
മോശമാകാന്‍ പറ്റുമോ,
വളര്‍ന്നുവരുന്ന ശക്തിയാണ് .
അവിടെയുമുണ്ട്
സ്കൂള്‍ കുട്ടികള്‍
തന്നെ ഇരകള്‍
കത്തികൊണ്ടാണ്
പ്രയോഗം എന്നുമാത്രം .

പിന്നെയും പലതുണ്ട്
വാര്‍ത്തകള്‍ ,
ലോകവാര്‍ത്തകളില്‍
മൊത്തമായൊരു
ചുവപ്പുരാശി
പടര്‍ന്നു കാണുന്നു .

ആശ്വാസ വാര്‍ത്തകള്‍
തിരഞ്ഞു
കേരളത്തിലെക്കൊന്നു
പോയിവരാമെന്നു വെച്ചു,
തലക്കെട്ടഴിഞ്ഞു
നഗ്നമായി ,
ചില ആഭിജാത്യത്തിന്‍റെ
മൂടുപടങ്ങള്‍ .

*സ്വന്തം* മകള്‍ക്ക്
മദ്യംനല്കി
പീഡിപ്പിച്ച
അച്ഛനും ,കൂട്ടാളികളും ;
തൂങ്ങിച്ചത്ത
മകളുടെ
കാമുകനെ കിട്ടാഞ്ഞു
അവന്‍റെ അമ്മയെ
വെട്ടിക്കൊന്ന
വേറൊരു അച്ഛന്‍ ,
................................
അവിടെയും
വാര്‍ത്തകള്‍ക്ക്
കാഠിന്യം തന്നെ
അല്ലെക്കിലും
നമ്മള്‍ മലയാളികള്‍ ,
ഒന്നിനും
പിന്നില്‍ പോകാറില്ലല്ലോ ..

Sunday, December 9, 2012

സന്യാസം


പണ്ടേതോ മുനിമാര്‍
മറന്നുവെച്ച, മൌനമുറങ്ങുന്ന
ഗുഹാന്തരങ്ങളിലൂടെ
ജീവിതത്തിന്‍റെ വെളിച്ചം ,
തേടി ഞാനലയുന്നു

സത്യം മൂടികിടക്കുന്ന
തപോവനങ്ങളിലൂടെ
വെളിവുതേടി
എന്‍റെ സന്യാസം ,
അവഹേളനങ്ങളില്‍
നിങ്ങളരുളിയ
ഭ്രാന്തന്‍റെ മുദ്രയുമായി .

അഗ്നി പിറക്കുന്ന
കോണില്‍ നിന്നും
ബോധം നിറച്ചൊരു
കൈ വരുന്നതും കാത്ത്
മരവുരി മുറുക്കി
ഞാനിരിക്കുന്നു .

കാലാന്തരത്തില്‍ ,
ഖനിഭവിച്ച ഇരുട്ടുറങ്ങുന്ന
കണ്ണുകളിലേക്ക്
തെളിച്ചവുമായി
അദ്വൈതം ഉണരുമോ ,
ഞാന്‍ എന്നെ തിരിച്ചറിയുമോ ?




Wednesday, December 5, 2012

മരുഭൂമികള്‍ ഉണ്ടാകുന്നത്.


      ആകെ കറുത്തൊരു
ആകാശമുണ്ട്     കാറ്റിനോട്
  പരിഭവിച്ചു നില്‍ക്കുന്നു .

   വെയിലുതിന്നു വെളുത്ത
     കാടുണ്ട്‌ നാടുനോക്കി
വയസന്‍     ചിരി     ചിരിക്കുന്നു .

    ലോറികയറിപ്പോയ
കുന്നുണ്ട്    ചെങ്ങാതിയെ
തിരഞ്ഞു റോഡിലിരിക്കുന്നു.

      നെല്ലുവിളഞ്ഞ
വയലുകളുണ്ട് തായ്വഴി
തേടി ഫ്ലാറ്റിലിരിക്കുന്നു.

      മഴകുത്തിയോഴുകിയ
നാട്ടുകുളമുണ്ട് തോണ്ടയുണങ്ങി
     കോളക്കടയില്‍    നില്‍ക്കുന്നു .

(പലരും  പറഞ്ഞുപഴകിയ
         കഥകളുണ്ട് ഞാനും
       എഴുതിവെയ്ക്കുന്നു
   ഒരുവേള നാളെപറയാം ,
ഇക്കാണുന്ന    മരുവിലാരുന്നു
    എന്‍റെ വാക്കുകളിലെ
              പച്ചപ്പെന്ന്.)

Monday, December 3, 2012

ഏകാന്തതേ....


ഏകാന്തതേ
നിന്‍റെ ചിറകിന്‍
തണലിനിടയില്‍
ഒരല്പ്പമിടം
എനിക്കുതരൂ ..

കെട്ടഴിഞ്ഞുപോയ
ചിന്തകളുടെ ,
കാഴ്ച്ചകളുടെ
ഭാണ്ടക്കെട്ടുകള്‍
മുറുക്കിവെച്ച്
ഞാനൊന്നു
വിശ്രമിക്കട്ടെ .

മഞ്ഞുവീണു,
മരവിച്ച കാലത്തിനപ്പുറം
വസന്തം തളിരിടുന്നതു
സ്വപ്നം കാണട്ടെ
മുന്നിലുള്ള വറുതിയുടെ
ഉഷ്ണജ്ജ്വാലകളെ
കണ്ടില്ലെന്നു നടിക്കട്ടെ .

ഭൂമിയുടെ കോണുകളില്‍
എങ്ങെങ്കിലും
കാലത്തിന്‍റെ
കൈ പതിയാത്ത,
മനുഷ്യമോഹത്തിന്‍റെ
കാല്‍പ്പാടു വീഴാത്ത
ഇടങ്ങളുണ്ടോ ?
നിന്‍റെ കൈകോര്‍ത്തു
നക്ഷത്രങ്ങള്‍ മൂടപ്പെട്ട
ആകാശം നോക്കി
കിടന്നുറങ്ങാന്‍ .



Tuesday, November 27, 2012

പ്രവാസമരണം


ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള്‍ ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .


ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .


പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................

കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍  
പാല്‍ വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .

(ഒരു പ്രവാസി  നാട്ടുകാരന്‍റെ  മരണവാര്‍ത്ത കേട്ടപ്പോള്‍ .......)


Sunday, November 25, 2012

ചലച്ചിത്ര കാവ്യം


            1.ഋതു
 
ബുദ്ധ ദര്‍ശനത്തിന്‍റെ
       നിറവില്‍
സ്വയം പാപത്തിന്‍റെ
       ശിലകള്‍,
വലിച്ചുഴറുന്ന
ജീവിതത്തിന്‍റെ
ഋതുഭേത കാഴ്ച്ചകള്‍
കണ്ണിലൊരു
മഞ്ഞു കണമായി
ഉറയുന്നു .

       2. പാട്ട് 

കുരുവികളുടെ പാട്ടില്‍
അലിഞ്ഞു ചേരുന്ന
കുരുന്നു ചിരികള്‍
സ്വര്‍ണ നിറമുള്ള
മത്സ്യങ്ങളായി
പുളയുന്നു .

കൂടുവിട്ടു ചാടിയ
ഒട്ടകപക്ഷിക്ക് പിറകെ
കൂടുതേടി പായുന്ന
ജീവിതക്കാഴ്ച്ചകള്‍
പലവഴി കടന്നു
ചിറകടിയായി
ഉയരുന്നു .

1-SPRING,SUMMER,WINTER,FALL,AGAIN SPRING:-- South Korean film by Kim Ki-Duk

2-SONG OF SPARROWS:-Iranian film by Majid Majidi

Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

Tuesday, November 20, 2012

കിളികള്‍


തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .

തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .

വേട്ടയാടപെടേണ്ട   മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും  
അമ്പേല്ക്കാറുള്ളത്  
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,                                  
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .